ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മ ജയിൽ മോചിതയായി. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഗ്രീഷ്മ ജയിൽ മോചിതയായത്. ജയിലില്‍ നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കേസിന്റെ വിചാരണ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹര്‍ജി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മ ചോദിച്ചത്. ചെയ്ത കാര്യത്തിൽ ഇപ്പോൾ പശ്ചാത്താപം ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രീഷ്മ മാധ്യമപ്രവർത്തകരെ ഒന്ന് നോക്കുക മാത്രമാണ് ചെയ്തത്. ഈ ചോദ്യത്തിന് ഗ്രീഷ്മ മറുപടി നൽകിയില്ല.
പുറത്തിറങ്ങിയ ഗ്രീഷ്മയെ അവരുടെ ബന്ധുക്കളെത്തിയാണ് കൊണ്ടുപോയത്. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാമുകനായിരുന്ന പാറശ്ശാല ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് ഗ്രീഷ്മ.
അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹ തടവുകാരുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Post Your Comments