ഔദ്യോഗിക ആവശ്യങ്ങൾക്ക് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് ജിമെയിൽ. എന്നാൽ, ജിമെയിൽ ഉപയോഗിക്കുന്നവർ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അനാവശ്യ മെയിലുകൾ കുന്നുകൂടുന്നത്. പലപ്പോഴും ഇവ നീക്കം ചെയ്യാൻ ഉപഭോക്താക്കൾ പ്രയാസപ്പെടാറുണ്ട്. ഇത്തവണ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് 50 മെയിലുകൾ തിരഞ്ഞെടുത്ത് അവ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും. 15 ജിബി മാത്രം മെമ്മറി സ്പേസ് ഉള്ള സൗജന്യ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ തരത്തിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ സാംസംഗ് ഗാലക്സി, പിക്സൽ ഉപഭോക്താക്കൾക്കും, ആൻഡ്രോയിഡ് 13, 14 വേർഷനുകൾ ഉപയോഗിക്കുന്നവർക്കും മാത്രമാണ് പുതിയ ഫീച്ചർ ലഭിക്കുകയുള്ളൂ. വരുംദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ നടത്തുന്നതാണ്. ജിമെയിലിന്റെ സെലക്ട് ഓൾ എന്ന ലേബലിലാണ് ഈ ഫീച്ചർ ലഭ്യമാകുക.
ഉപഭോക്താക്കൾക്ക് ആദ്യത്തെ 50 ഇമെയിലുകൾ ഒരുമിച്ച് സെലക്ട് ചെയ്യാനും അവർ ഡിലീറ്റ് ചെയ്യാനും സാധിക്കും. എന്നാൽ, സെലക്ട് ചെയ്യപ്പെട്ട 50 ഇമെയിലുകളിൽ പ്രധാനപ്പെട്ടവ ഉണ്ടെങ്കിൽ അവ അൺചെക്ക് ചെയ്ത് ഒഴിവാക്കാനും കഴിയുന്നതാണ്. ജിമെയിലിന്റെ മൊബൈൽ വേർഷനിലാണ് ഈ ഫീച്ചർ ലഭിക്കുക.
Post Your Comments