ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് കാനഡയില്‍ ആയുധ പരിശീലന കേന്ദ്രമൊരുക്കുകയും ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിജ്ജാര്‍ ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്ന ആധുനിക തരത്തിലുള്ള വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവന്‍ ജഗ്താര്‍ സിംഗ് താരയുമായി ചേര്‍ന്ന് പഞ്ചാബില്‍ ഭീകരാക്രമണം നടത്താനും മത പുരോഹിതരെ വധിക്കാനും നിജ്ജാര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളില്‍
സൂചിപ്പിക്കുന്നു.
ഇതിനായി കാനഡയില്‍ മന്ദീപ് സിംഗ് ധലിവാള്‍, സര്‍ബ്ജിത് സിംഗ്, അനൂപ് വീര്‍ സിംഗ്, ദര്‍ശന്‍ സിംഗ് എന്നിവരടങ്ങിയ സംഘത്തെയും നിജ്ജാര്‍ വളര്‍ത്തിയെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഇവര്‍ക്ക് ആയുധ പരിശീലനവും നല്‍കി. ക്യാമ്പില്‍ എകെ-47, സ്നൈപ്പര്‍ റൈഫിള്‍, പിസ്റ്റളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമായിരുന്നു നല്‍കിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
2014-ല്‍ ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനും നിജ്ജാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെത്താന്‍ കഴിയാതെ പോവുകയായിരുന്നു. ദേരാ സച്ച സൗദ ആക്രമണം നടക്കാതെ പോയതോടെ മുന്‍ ഡിജിപി മുഹമ്മദ് ഇസ്ഹാര്‍ ആലം, പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിവസേന നേതാക്കളായ നിശാന്ത് ശര്‍മ, ബാബ മാന്‍ സിങ് പെഹോവ വാ എന്നിവരെ വധിക്കാന്‍ നിജ്ജാര്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചാബില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ തലവന്‍ അര്‍ഷ്ദീപ് സിംഗ് ഗില്ലിനും ഇയാളുടെ അനുയായികള്‍ക്കുമൊപ്പം നിജ്ജാര്‍ പ്രവര്‍ത്തിച്ചതായും രേഖയിലുണ്ട്.
2020ല്‍ സിഖ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അച്ഛനും മകനുമായ മനോഹര്‍ ലാല്‍ അറോറ, ജതീന്ദര്‍ബീര്‍ സിംഗ് അറോറ എന്നിവരെ വധിക്കാന്‍ അര്‍ഷ്ദീപിനെയാണ് നിജ്ജാര്‍ ചുമതലപ്പെടുത്തിയത്. ഇതേ വര്‍ഷം നവംബറില്‍ നടന്ന ആക്രമണത്തില്‍ മനോഹര്‍ ലാല്‍ സ്വന്തം വീട്ടില്‍ വച്ച് വെടിയേറ്റു മരിച്ചു. എന്നാല്‍ മകന്‍ രക്ഷപ്പെട്ടു. പ്രതിഫലമായി നിജ്ജാര്‍ കാനഡയില്‍ നിന്ന് അര്‍ഷ്ദീപിന് പണം അയച്ച് കൊടുത്തു. 2016-ല്‍ ശിവസേന നേതാക്കളെ കൊലപ്പെടുത്താനും പഞ്ചാബില്‍ വര്‍ഗീയത സൃഷ്ടിക്കുന്നതിനുമായി കലാപം നടത്താന്‍ നിജ്ജാര്‍ ധലിവാളിനെ നിയോഗിച്ചു. പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Your Comments