തിരുവനന്തപുരം: ഗൂഗിൾ പേ ആപ്ലിക്കേഷനിൽ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടി നൽകി കേരളാ പോലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും സുരക്ഷിതവുമായ വെബ്‌സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ തിരഞ്ഞെടുക്കണമെന്നും പോലീസ് അറിയിച്ചു. അതേസമയം, അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്‌സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു.
94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.
Post Your Comments