തിരുവനന്തപുരം: ആവശ്യപ്പെടാതെ തന്നെ പണം ബാങ്ക് അക്കൗണ്ടിൽ അയച്ച ശേഷം കഴുത്തറുപ്പൻ പലിശ സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഓൺലൈന്‍ തട്ടിപ്പുകാരുടെ ഭീഷണി.
വെങ്ങാനൂർ സ്വദേശിനിയായ യുവതിക്കാണ് ഭീഷണി. നിരന്തരം ഭീഷണി ഉയർന്നതിനെ തുടർന്ന് യുവതി വിഴിഞ്ഞം പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് ഹീറോ റുപ്പി എന്ന ഓൺ ലൈൻ ആപ്പ് വഴി യുവതി ആദ്യം 2500 രൂപ ലോൺ ആയി എടുത്തിരുന്നു. ഇത് അഞ്ച് ദിവസത്തിനുള്ളിൽ പലിശ ഉൾപ്പെടെ 3900 രൂപ തിരിച്ചടക്കണമെന്ന് പണം നൽകിയ ശേഷം യുവതിക്ക് നിർദ്ദേശം നൽകി. ഇതോടെ എടുത്ത ലോൺ പലിശയടക്കം തിരിച്ചടച്ചു. വീണ്ടും ലോൺ നൽകാമെന്ന സംഘത്തിന്റെ വാഗ്ദാനം നിരസിച്ചെങ്കിലും യുവതിയുടെ അനുവാദമില്ലാതെ തട്ടിപ്പുകാർ നാലായിരത്തോളം രൂപ വീണ്ടും അക്കൗണ്ടിലിട്ട് നൽകി ഭീഷണിപ്പെടുത്തി കൊള്ളപ്പലിശ സഹിതം ഈടാക്കി.
ഇതോടെ, ഇനി പണം വേണ്ടെന്നറിയിച്ചശേഷം മൊബൈലിൽ നിന്ന് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തു. എന്നാല്‍, വീണ്ടും അക്കൗണ്ടിലേക്ക് പണമയച്ച തട്ടിപ്പുകാർ പലിശ ഉൾപ്പെടെ വേണമെന്ന് ഫോണിൽ വിളിച്ച് ഭീഷണി തുടർന്നുവെന്നാണ് പരാതി. മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതം ബന്ധുക്കൾക്ക് അയച്ച് നൽകുമെന്നാണ് ഇംഗ്ലീഷിലുള്ള സന്ദേശങ്ങളിലുള്ളത്. ഹിന്ദിയില്‍ സംസാരിക്കുന്ന ആളുകള്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. ഇതിനെ തുടർന്നാണ് യുവതി ഇന്നലെ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്. ഭീഷണി സന്ദേശമയച്ച ഫോൺ നമ്പർ മനസിലാക്കിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
Leave a Comment