Latest NewsKeralaNews

മൂന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി മന്ത്രി എം ബി രാജേഷ്: ഉന്നയിച്ച ആവശ്യങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: മൂന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി മന്ത്രി എം ബി രാജേഷ്. പഞ്ചായത്തീരാജ്-ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്, നഗരവികസന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി, ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്.

വിവിധ ആവശ്യങ്ങൾ അദ്ദേഹം കേന്ദ്രമന്ത്രിമാരോട് ഉന്നയിച്ചു. എൻ എസ് എ പി പദ്ധതിയിൽ ഉൾപ്പെട്ട 6,88,329 ഗുണഭോക്താക്കൾക്ക് കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രപെൻഷൻ വിഹിതം നൽകിയിട്ടില്ല. എന്നാൽ കേരളം സ്വന്തം പണമെടുത്ത് ഈ കേന്ദ്രവിഹിതം കൂടി ആ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. കേന്ദ്രം നിർദ്ദേശിച്ച പി എഫ് എം എസ് സംവിധാനം വഴി തന്നെയാണ് സംസ്ഥാനം ആ തുക വിതരണം ചെയ്തത്. ഈ ഇനത്തിൽ 579.95 കോടി രൂപ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രസർക്കാർ കേരളത്തിന് പൈസ ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം കേന്ദ്ര പഞ്ചായത്തീരാജ് ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, പരിശോധിക്കാമെന്നും ഉടനെ പരിഹരിക്കാമെന്നുമാണ് ഉറപ്പ് നൽകിയിട്ടുള്ളത്. ഇതിനെ തുടർന്ന് ഇന്നലെ വകുപ്പ് സെക്രട്ടറിമാർ ഇക്കാര്യം പ്രാഥമികമായി പരിശോധിക്കുകയുണ്ടായി. അധികം വൈകാതെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാജേഷ് വ്യക്തമാക്കി.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേന്ദ്ര വേട്ടയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്ന് വി മുരളീധരൻ

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ആദ്യ വിഹിതമായ 954.5 കോടി രൂപ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചു കിട്ടിയിട്ടില്ല. അതിന് കാരണമായി കേന്ദ്രം പറയുന്നത്, പതിനാലാം ധനകാര്യ കമ്മീഷൻ അനുവദിച്ച തുകയുടെ പത്തുശതമാനത്തിൽ കുറവ് മാത്രമേ ചിലവഴിക്കാൻ തുക ബാക്കിയുണ്ടാവാൻ പാടുള്ളൂ എന്നതാണ്. ഈ വ്യവസ്ഥ ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലും, അത് സംബന്ധിച്ച് കേന്ദ്രം നേരത്തെ സംസ്ഥാനങ്ങൾക്ക് നൽകിയ മാർഗനിർദ്ദേശങ്ങളിലും ഉൾപ്പെട്ടതായിരുന്നില്ല. അവസാന നിമിഷം പെട്ടന്നു കൊണ്ടുവന്ന ഈ വ്യവസ്ഥയാണ് പണം അനുവദിക്കുന്നതിന് തടസമായി നിൽക്കുന്നത്. ഇത് കേരളം മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളെയും ബാധിക്കുന്ന പ്രശ്‌നവുമാണ്. ഈ കാര്യത്തിലും ഉടൻ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട മന്ത്രിമാർ ഉറപ്പു നൽകിയിട്ടുണ്ട്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് ഈ വർഷം അനുവദിച്ച ലേബർ ബജറ്റ് ആറുകോടി തൊഴിൽ ദിനങ്ങൾ മാത്രമാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 3.65 കോടി കുറവാണ്. കഴിഞ്ഞ വർഷം അതിന് മുൻപുള്ള വർഷത്തേക്കാൾ ഏതാണ്ട് ഒരു കോടി തൊഴിൽ ദിനങ്ങൾ കുറവായിരുന്നു. ക്രമാനുഗതമായ ഈ കുറവ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും കഴിഞ്ഞ വർഷത്തെ തൊഴിൽ ദിനങ്ങളെങ്കിലും കേരളത്തിന് നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് കേരളമാണെന്നുള്ള കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ മികവിന്റെ ഒൻപത് മാനദണ്ഡങ്ങളിൽ നാലിലും കേരളം ഒന്നാംസ്ഥാനത്തും ബാക്കി അഞ്ചിൽ രണ്ടാം സ്ഥാനത്തുമാണ് എന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിച്ചു. കേന്ദ്രബജറ്റിലെ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഇത്തവണ കുറച്ചു എന്ന പ്രശ്‌നമുണ്ട്, എങ്കിലും ഇക്കാര്യത്തിലും അനുകൂല നടപടി പ്രതീക്ഷിക്കുന്നു.

കേരളം അതിവേഗത്തിൽ നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമായതിനാൽ നഗരമേഖലയുമായി ബന്ധപ്പെട്ട രണ്ട് ബൃഹത് പദ്ധതികൾ കേരളം കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിലൊന്ന് ന്യൂ സിറ്റി ഇൻക്യുബേഷൻ പദ്ധതിയിലുൾപ്പെടുത്തി തിരുവനന്തപുരം, കണ്ണൂർ നഗരങ്ങളുടെ വികസനത്തിനുള്ള പദ്ധതിയാണ്. യഥാക്രമം 1446. 64 കോടി, 2113കോടി എന്നീ തുകയ്ക്കുള്ള പദ്ധതികളാണ് കേരളം കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. അതോടൊപ്പം നഗരമേഖലാ പരിഷ്‌കരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള മറ്റൊരു ബൃഹത് പദ്ധതിയുടെ വിശദമായ നിർദ്ദേശവും കേരളം നേരത്തെ തന്നെ സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് 935 കോടി രൂപയുടേതാണ്. ഈ രണ്ട് പദ്ധതികൾക്കും അംഗീകാരം നൽകണമെന്ന് നഗരവികസന വകുപ്പ് മന്ത്രി  ഹർദീപ് സിംഗ് പുരിയോട് അഭ്യർത്ഥിച്ചു.

മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിന്റെ സവിശേഷതകൾ കണക്കിലെടുത്തുകൊണ്ട്, മൊബൈൽ എഫ് എസ് ടി പി കൾ അനുവദിക്കണമെന്നാണ് ജനശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനോട് ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം. അതുപോലെ മലിനജല സംസ്‌കരണത്തിനുള്ള ഫണ്ട്, ഇപ്പോൾ ശുചിമുറി മാലിന്യ സംസ്‌കരണത്തിന് സ്വച്ഛ് ഭാരത് ഗ്രാമീൺ പദ്ധതിയിൽ അനുവദനീയമല്ല. അതുകൂടി ഉൾപ്പെടുത്തുന്നത് കേരളത്തിന് ഗുണം ചെയ്യുമെന്നും, ആ നിലയിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ഇക്കാര്യം ഗൗരവമായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. കേരളത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മൊബൈൽ എഫ് എസ് ടി പികൾ എത്രത്തോളം സാങ്കേതികമായി പ്രവർത്തനക്ഷമമാണ് എന്ന കാര്യം പഠിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Read Also: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും: മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

shortlink

Related Articles

Post Your Comments

Related Articles


Back to top button