ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി ആസ്ഥാനത്ത് നേതാക്കളും അണികളും സ്വീകരണമൊരുക്കി. ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വനിതാ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചു. ഹര്‍ഷാരവങ്ങളോടെയാണ് അണികള്‍ മോദിയെ സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു.
പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയതോടെ പതിറ്റാണ്ടുകളായി രാജ്യം കാത്തിരിക്കുന്ന പ്രതിജ്ഞാബദ്ധത താന്‍ നിറവേറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വനിതാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
‘നാരീശക്തി വന്ദന്‍ അധീനിയം ഒരു സാധാരണ നിയമമല്ല. ഇത് നവ ഇന്ത്യയുടെ ജനാധിപത്യ പ്രതിബദ്ധതയുടെ വിളംബരമാണ്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന മോദി സര്‍ക്കാരിന്റെ ഉറപ്പിന്റെ തെളിവാണിത്,’ മോദി പറഞ്ഞു.
‘ഇന്ന്, ഇന്ത്യയിലെ ഓരോ അമ്മയെയും സഹോദരിയെയും മകളെയും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. സെപ്റ്റംബര്‍ 20, 21 തിയതികളില്‍ ചരിത്രം സൃഷ്ടിക്കപ്പെട്ടതിന് നാമെല്ലാം സാക്ഷിയായി. ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഈ തീരുമാനം വരും തലമുറകള്‍ ആഘോഷിക്കും. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്,’ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടന്‍ രാഷ്ട്രപതിക്കയക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയില്‍ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബില്ലില്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അതേസമയം, വനിത വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments