KeralaLatest NewsIndia

അപകടത്തിൽപ്പെട്ട സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ ടിക്കറ്റ് എടുത്തു, കേരള സർക്കാരിന് നന്ദി പറഞ്ഞ് പാണ്ഡ്യരാജും കൂട്ടരും

പാലക്കാട്: 25 കോടിയുടെ ഓണം ബമ്പർ അടിച്ചതോടെ കേരള സർക്കാരിന് നന്ദി പറഞ്ഞ് പാണ്ഡ്യരാജും കൂട്ടരും. തിരുപ്പൂർ പെരുമാനെല്ലൂർ സ്വദേശികളായ പാണ്ഡ്യരാജ് (59), കുപ്പുസ്വാമി (45), കോയമ്പത്തൂർ അണ്ണൂർ സ്വദേശികളായ സ്വാമിനാഥൻ (40), രാമസ്വാമി (42) എന്നിവരാണ് ടിക്കറ്റ് എടുത്തത്. വാളയാറിലെ കടയിൽ ’25 കോടി ബമ്പർ’ എന്നെഴുതി വച്ചിരിക്കുന്നത് കണ്ട കൗതുകമാണ് ഇവരെ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. ഇവർ ചേർന്നെടുത്ത മൂന്ന് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം.

അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന വാളയാർ ചന്ദ്രാപുരം സ്വദേശിയായ സുഹൃത്തിനെ ഒരാഴ്ച മുമ്പ് വീട്ടിലെത്തി കണ്ട് മടങ്ങുമ്പോഴാണ് ഗുരുസ്വാമിയുടെ ബാവ ലോട്ടറി ഏജൻസിയിൽ നിന്ന് നാലുപേരും ചേർന്ന് ടിക്കറ്റെടുത്തത്. ഇന്നലെ ഉച്ചയ്ക്കുശേഷം സമ്മാനമുണ്ടെന്ന വിവരം സുഹൃത്തുക്കൾ വിളിച്ചുപറയുമ്പോഴാണ് അറിയുന്നതെന്ന് പാണ്ഡ്യരാജ് പറഞ്ഞു. കുപ്പുസ്വാമിയെയാണ് ടിക്കറ്റ് സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നത്.

കുപ്പുസ്വാമി നാട്ടിൽ ചായക്കട നടത്തുകയാണ്. ഇവിടെ ജോലിചെയ്യുന്നയാളാണ് പാണ്ഡ്യരാജ്. സ്വാമിനാഥനും രാമസ്വാമിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കാരാണ്. ഇന്നലെ ഉച്ചയ്ക്ക് പാണ്ഡ്യരാജ് ഒഴികെ മറ്റ് മൂവരും ചേർന്നാണ് ടിക്കറ്ര് ലോട്ടറി ഓഫീസിൽ എത്തിച്ചത്. പാണ്ഡ്യരാജ് ചെന്നൈയിൽ കുടുംബസമേതം സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാലാണ് എത്താത്തത്.

നാലുപേർ ചേർന്നാണ് ടിക്കറ്റ് എടുത്തതെന്നും സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കുമെന്നുമുള്ള പ്രസ്താവനയും തിരിച്ചറിയൽ രേഖകളും നോട്ടറി സത്യപ്രസ്താവനയും ടിക്കറ്റിനൊപ്പം കൈമാറി. ജോയിന്റ് ബാങ്ക് അക്കൗണ്ടുൾപ്പെടെ ഏതാനും രേഖകൾ കൂടി നൽകാനുണ്ടെന്ന് അധികൃതർ അറിയിച്ചു. അതുകൂടി ലഭിച്ചശേഷം തുക കൈമാറും. നികുതികളും കമ്മിഷനും കഴിഞ്ഞ് 12.8826 കോടിയാകും കിട്ടുക. അതേസമയം, തങ്ങളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ലോട്ടറി അധികൃതരോട് അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.

മൂന്ന് ടിക്കറ്റിന് വില 1500 രൂപ. നാലുപേരും 450 രൂപവീതമിട്ടപ്പോൾ 1800 രൂപ. ശേഷിക്കുന്ന 300 രൂപയ്ക്ക് ഭക്ഷണവും കഴിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്.”എറെ കഷ്ടതയനുഭവിക്കുന്ന കുടുംബമാണ് തങ്ങൾ നാലുപേരുടെയും. സമ്മാനത്തുക കിട്ടിയശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കും. കേരള സർക്കാരിനും ദൈവത്തിനും നന്ദി-പാണ്ഡ്യരാജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button