ഇന്ത്യയിലെ ഷോകൾ റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് കാനഡ ആസ്ഥാനമായുള്ള പഞ്ചാബി ഗായകൻ ശുഭ്. ഇന്ത്യ തന്റെയും രാജ്യമാണ് എന്നും താൻ ജനിച്ചത് ഇവിടെയാണ് എന്നും ഗായകൻ പറഞ്ഞു. തന്റെ ഗുരുക്കന്മാരുടെയും പൂർവ്വികരുടെയും നാടാണ് ഇന്ത്യയെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഖാലിസ്ഥാനി ഗ്രൂപ്പുകളെ പിന്തുണച്ചതിനും ഇന്ത്യയുടെ വികലമായ ഭൂപടം പങ്കിട്ടതിനും ശുഭിന്റെ ഇന്ത്യയിലെ ഷോകൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
കനേഡിയൻ ഗായകൻ ഖാലിസ്ഥാനി അനുഭാവിയാണെന്ന് ആരോപിക്കപ്പെടുന്നു. കൂടാതെ മുൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ഖാലിസ്ഥാനി ഘടകങ്ങളെ പിന്തുണച്ചുവെന്നാരോപിച്ചതിന് ഇദ്ദേഹം കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. തൂസർന്നാണ് അദ്ദേഹത്തിന്റെ മുംബൈ സംഗീത പരിപാടി റദ്ദാക്കിയത്. സമീപകാല സംഭവവികാസങ്ങളിൽ താൻ നിരാശനാണെന്ന് ശുഭ് പറഞ്ഞു.
‘ഇന്ത്യയിലെ പഞ്ചാബിൽ നിന്നുള്ള ഒരു യുവ റാപ്പർ-ഗായകൻ എന്ന നിലയിൽ, എന്റെ സംഗീതം ഒരു അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കുക എന്നത് എന്റെ ജീവിതത്തിന്റെ സ്വപ്നമായിരുന്നു. എന്നാൽ സമീപകാല സംഭവങ്ങൾ എന്റെ കഠിനാധ്വാനത്തെയും പുരോഗതിയെയും തകർത്തു. എന്റെ നിരാശയും സങ്കടവും പ്രകടിപ്പിക്കാൻ കുറച്ച് വാക്കുകൾ പറയാൻ ഞാൻ ആഗ്രഹിച്ചു. എന്റെ ഇന്ത്യയിലെ പര്യടനം റദ്ദാക്കിയതിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്. എന്റെ രാജ്യത്ത്, എന്റെ ആളുകൾക്ക് മുന്നിൽ പരുപാടി അവതരിപ്പിക്കാൻ ഞാൻ വളരെയധികം ഉത്സാഹഭരിതനും ആവേശഭരിതനുമായിരുന്നു. ഒരുക്കങ്ങൾ തകൃതിയായി നടക്കുകയായിരുന്നു, കഴിഞ്ഞ രണ്ട് മാസമായി ഞാൻ എന്റെ ഹൃദയവും ആത്മാവും ഉപയോഗിച്ച് പരിശീലിച്ചു. ഞാൻ വളരെ ആവേശഭരിതനായിരുന്നു. പക്ഷേ, വിധിക്ക് മറ്റ് ചില പദ്ധതികളുണ്ടെന്ന് ഞാൻ ഊഹിക്കുന്നു.
ഓരോ പഞ്ചാബിയെയും വിഘടനവാദി അല്ലെങ്കിൽ ദേശവിരുദ്ധൻ എന്ന് വിളിക്കുന്നതിൽ നിന്ന് പൊതുജനം വിട്ടുനിൽക്കണം. ഇന്ത്യ എന്റെയും രാജ്യമാണ്. ഞാൻ ഇവിടെയാണ് ജനിച്ചത്. ഈ നാടിന്റെ സ്വാതന്ത്ര്യത്തിനും മഹത്വത്തിനും കുടുംബത്തിനും വേണ്ടി ത്യാഗം സഹിക്കാൻ പോലും കണ്ണിമ ചിമ്മാത്ത എന്റെ ഗുരുക്കന്മാരുടെയും പൂർവ്വികരുടെയും നാടാണിത്. പഞ്ചാബ് എന്റെ ആത്മാവാണ്, പഞ്ചാബ് എന്റെ രക്തത്തിലാണ്. പഞ്ചാബികൾ രാജ്യസ്നേഹത്തിന് തെളിവ് നൽകേണ്ടതില്ല. ചരിത്രത്തിലെ ഓരോ വഴിത്തിരിവിലും പഞ്ചാബികൾ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരാണ്. അതുകൊണ്ടാണ് ഓരോ പഞ്ചാബിയെയും വിഘടനവാദിയെന്നോ ദേശവിരുദ്ധനെന്നോ പേരിടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments