വിനോദസഞ്ചാരികളുടെ ഇഷ്ട ലിസ്റ്റിലുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. സ്വന്തമായി വാഹനം ഇല്ലാതെയാണ് ഗോവയിൽ എത്തുന്നതെങ്കിൽ, അവിടെയുള്ള പ്രധാന സ്ഥലങ്ങൾ പലപ്പോഴും സന്ദർശിക്കാൻ കഴിയാറില്ല. ബഡ്ജറ്റിൽ ഒതുങ്ങാത്ത നിരക്കുകളാണ് ഗോവൻ മണ്ണിലൂടെയുള്ള യാത്രകൾക്ക് ചെലവഴിക്കേണ്ടി വരാറുള്ളത്. എന്നാൽ, ഗോവയിലെത്തുന്ന സഞ്ചാരികളെ സഹായിക്കാൻ പുതിയൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഗോവ ടൂറിസം വകുപ്പ്. ‘ഗോവ ടാക്സി ആപ്പ്’ എന്നാണ് പുതുതായി പുറത്തിറക്കിയ ആപ്പിന് നൽകിയിരിക്കുന്ന പേര്. സഞ്ചാരികൾക്ക് ഈ ആപ്പ് മുഖാന്തരം ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ടാക്സി സേവനം ലഭിക്കുന്നതാണ്.
സ്വന്തമായി ടാക്സി ഉള്ള ഡ്രൈവർമാർക്ക് ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആപ്പ് അവതരിപ്പിച്ചത്. വെറും ആറ് മാസം കൊണ്ട് 25,000 ആളുകൾ ഗോവ ടാക്സിയുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്. ഇത് വിജയകരമായതോടെയാണ് ഗോവയുടെ വിവിധ ഭാഗങ്ങളിൽ സേവനം എത്തിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിരവധി ഫീച്ചറുകളും ആപ്പിൽ ഉണ്ട്. ടാക്സി ഡ്രൈവർമാരുടെ സ്വഭാവത്തിലോ, പെരുമാറ്റത്തിലോ എന്തെങ്കിലും തരത്തിലുള്ള മാറ്റം തോന്നുകയാണെങ്കിൽ യാത്രക്കാർക്ക് റിപ്പോർട്ട് ചെയ്യാനും, കോൾ സെന്റർ വഴി സഹായം അഭ്യർത്ഥിക്കാനും കഴിയും.
Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്
Post Your Comments