കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്കെതിരെ നിയമോപദേശം തേടി പൊലീസ്. ഇഡിയുടെ ചോദ്യം ചെയ്യലിനിടെ സിപിഐഎം നേതാവിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ തിരിച്ചടിയുണ്ടാകുമോ എന്നറിയാനാണ് നിയമോപദേശം പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആര്‍ അരവിന്ദാക്ഷനാണ് ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ ആണ് പരാതിയില്‍ അന്വേഷണം നടത്തിയത്. എന്നാൽ ആരോപണം ഇഡി തള്ളിയിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ മുമ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.
Post Your Comments