തിരുവനന്തപുരം: തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇനിയും കണ്ടെത്താനായില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത് തമിഴ്നാട് സ്വദേശി ഗോകുലം നടരാജൻ ആണെന്നാണ് വിവരം. എന്നാൽ, അന്നൂർ സ്വദേശിയായ നടരാജൻ ഇതുവരെ ഏജൻസിയിൽ ബന്ധപ്പെട്ടിട്ടില്ല. ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്.
ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ലോട്ടറി വിറ്റത്. തമിഴ്നാട് നടരാജൻ എന്നയാൾക്കാണ് ലോട്ടറി വിറ്റത് എന്നാണ് വിൽപ്പനക്കാരൻ നൽകുന്ന വിവരം. നടരാജൻ വാങ്ങിയ പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് ബമ്പർ അടിച്ചത്. നാല് ദിവസം മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. വാളയാറിൽ നിന്ന് തമിഴ്നാട് സ്വദേശികൾ ലോട്ടറി എടുക്കുന്നത് പതിവാണ്. നടരാജന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം ഇപ്പോൾ.
കഴിഞ്ഞ ഒരു വർഷത്തിനിടെ നറുക്കെടുത്ത ഏഴ് ബമ്പർ ടിക്കറ്റുകളിൽ മൂന്ന് ഒന്നാം സമ്മാനങ്ങൾ പോയത് പാലക്കാട്ടേക്ക് ആണ് എന്ന രസകരമായ വസ്തുതയുമുണ്ട്. മൺസൂൺ, ക്രിസ്മസ്, ഇന്നലത്തെ തിരുവോണം ബമ്പർ എന്നിവയുടെ ഒന്നാം സമ്മാനങ്ങളാണു പാലക്കാട്ടേക്കു പോയത്. തമിഴ്നാട്ടിൽനിന്ന് ആളെത്തി കേരള ഭാഗ്യക്കുറി വാങ്ങുന്നതിനാൽ ടിക്കറ്റ് വിൽപനയിൽ പാലക്കാടും തിരുവനന്തപുരവുമാണു മുൻപിലുള്ളത്.
ഓണം ബമ്പറിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് ആണ് ഇത്തവണ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. ആകെ 5,34,670 പേർക്ക് ഓണം ബമ്പർ സമ്മാനങ്ങള്‍ ലഭിക്കും വിധമായിരുന്നു സമ്മാന ഘടന.
Post Your Comments