വിജയവാഡ: വിവാഹം കഴിപ്പിച്ചയക്കാനുള്ള വീട്ടുകാരുടെ ശ്രമം തടയാന്‍ ഫേസ്ബുക്ക് വഴി കളക്ടറോട് സഹായം തേടി 13 വയസുകാരി. ആന്ധ്രപ്രദേശ് ഏലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ജില്ല കളക്ടര്‍ വൈ പ്രസന്ന വെങ്കിടേഷുമായി ബന്ധപ്പെട്ടത്. ഏലൂരിലെ ചെഞ്ചു കോളനിയിലാണ് സംഭവം. പെണ്‍കുട്ടിക്ക് ഒരു വയസുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടിരുന്നു. അമ്മ പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. തുടര്‍ന്ന് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് ഈ കുട്ടി കഴിയുന്നത്.
Read Also: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം
കര്‍ഷകരായ ഇവര്‍ അതേ നഗരത്തില്‍ നിന്നുള്ള യുവാവുമായാണ് വിവാഹം നിശ്ചയിച്ചത്. എന്നാല്‍, തനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടെന്നും വിവാഹം തടയാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി കളക്ടര്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. ഫേസ്ബുക്ക് മെസേജ് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി.എച്ച് സൂര്യ ചക്രവേണി, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജീവനക്കാര്‍ എന്നിവരോട് സംഭവം അന്വേഷിച്ച് വിവാഹം തടയാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
ചക്രവേണിയുടെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് വിവാഹം കഴിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പദ്ധതിയിട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തി കൗണ്‍സിലിങ് നടത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് കളക്ടര്‍ പെണ്‍കുട്ടിയുടെ സ്കൂളിലെത്തി പഠനനിലവാരം ചോദിച്ചറിയുകയും സൈക്കിള്‍, സ്കൂള്‍ ബാഗ്, യൂണിഫോം, പുസ്തകങ്ങള്‍ എന്നിവ സമ്മാനിക്കുകയും ചെയ്തു. പഠനത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
Post Your Comments