പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 തിങ്കളാഴ്ച ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തില്‍ സ്ത്രീ സാന്നിധ്യം എന്ന വിഷയം ഒരിക്കല്‍കൂടി ശ്രദ്ധ നേടുകയാണ്. ഏറെക്കാലമായി പെട്ടിയിലിരിക്കുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചർച്ചയാകുമ്പോൾ എന്താണ് ഈ ബിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന ചോദ്യം വീണ്ടും ഉയരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൂന്നില്‍ ഒരു ഭാഗം സീറ്റുകള്‍ സ്ത്രീകള്‍ക്കുവേണ്ടി നീക്കി വെക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ബില്‍ അവതരിപ്പിച്ചത്.
നാരി ശക്തി വന്ദൻ അധീനിയം എന്ന പേരിലുള്ള ബിൽ നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഡീലിമിറ്റേഷൻ അഭ്യാസം പൂർത്തിയാക്കിയ ശേഷം മാത്രമേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ. അതിനാൽ 2024 ലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രാബല്യത്തിൽ വരാൻ സാധ്യതയില്ല. സ്ത്രീകള്‍ക്കായി നല്കുന്ന സീറ്റുകളില്‍ വീണ്ടും പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തണമെന്ന മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യമാണ് ബില്ലിന്മേലുള്ള പ്രധാന തടസ്സങ്ങളിലൊന്ന്.
ഏറെക്കാലമായി ചര്‍ച്ചയിലിരിക്കുന്ന ബില്ലുകളിലൊന്നാണ് വനിതാ സംവരണ ബില്‍. 1996, 1998, 1999 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇതിന് സമാനമായ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2008ലാണ് ഏറെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയത്. 1996-ല്‍ അവതരിപ്പിച്ച ബില്ലില്‍ ഗീത മുഖര്‍ജി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്ററി സമിതി വിശകലനം നടത്തിയിരുന്നു. ഏഴ് നിര്‍ദേശങ്ങളാണ് ഈ സമിതി മുന്നോട്ട് വെച്ചത്. ഇതില്‍ അഞ്ച് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് 2008-ലെ ബില്ലില്‍ ചേര്‍ത്തു.
രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ പാസാക്കുന്നതിലെ പ്രധാന വെല്ലുവിളികളിലൊന്ന് നിലവിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായമാണ്. ഒറ്റത്തവണ മാത്രം കൈമാറ്റം ചെയ്യാവുന്ന വോട്ട് എന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. നിലവില്‍ രാജ്യസഭയില്‍ എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല. ഇവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ വോട്ടിംങ് സംവിധാനം മാറ്റണമെങ്കില്‍ ഭരണഘടനാ ഭേദഗതി നടത്തേണ്ടി വരും.
Post Your Comments