ഗാന്ധിനഗർ: രണ്ടുദിവസം മുമ്പ് മാത്രം ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആർപ്പൂക്കര സ്വദേശി അനൂപാണ്(38) ആക്രമണം നടത്തിയത്. ആർപ്പുക്കര ഈസ്റ്റ് കുടകപ്പറമ്പിൽ വിജിത(35)യെയാണ് ഇയാൾ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Read Also : വനിത സംവരണ ബിൽ: പുതിയ പാർലമെന്ററി ഇന്നിംഗ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്മൃതി ഇറാനി
രാവിലെ 11.30-ന് ആർപ്പുക്കര ക്ഷേത്രത്തിനു സമീപം വാരിമുട്ടം ഭാഗത്ത് നടുറോഡിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. വിജിതക്ക് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുണ്ട്. വാരിമുട്ടം ഭാഗത്തുള്ള വീടുകളിൽ വീട്ടുവേല ചെയ്താണ് ഇവർ കുടുംബം പുലർത്തുന്നത്. രാവിലെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. പ്രധാന വഴിയിൽ ഓട്ടോറിക്ഷയിൽ പതിയിരുന്ന അനൂപ്, വിജിത വരുന്നതു കണ്ട് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ് വിജിതയുടെ തലമുടിയും ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു ഭാഗവും മുറിഞ്ഞ് വഴിയിൽ വീണു. ഇവർ അലറിക്കരഞ്ഞുകൊണ്ട് ജോലി ചെയ്യുന്ന വീട്ടിലേക്ക് ഓടിക്കയറി. ഓടിയ വഴിയിലെല്ലാം രക്തം തളം കെട്ടിക്കിടന്നിരുന്നു.
വിജിത ജോലി ചെയ്യുന്ന വീട്ടുകാർ ആണ് വിജിതയെ ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചത്. കൂലിപ്പണിക്കാരനും ഓട്ടോ ഡ്രൈവറുമായ അനൂപ് ഓടി രക്ഷപ്പെട്ടു. ആക്രമണ കാരണം വ്യക്തമല്ല.
പ്രതിയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ഗാന്ധിനഗർ പൊലീസ് പറഞ്ഞു.
Post Your Comments