ചുരുങ്ങിയ കാലയളവ് കൊണ്ട് വളരെയധികം പ്രചാരം നേടിയവയാണ് ക്രിപ്റ്റോ കറൻസികൾ. നിരവധി ആളുകൾ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്താറുണ്ട്. എന്നാൽ, ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒട്ടനവധി വ്യാജന്മാരും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തുമ്പോൾ കൃത്യമായ അറിവ് നേടേണ്ടതും അനിവാര്യമാണ്. മുന്നൊരുക്കങ്ങൾ നടത്താതെ ക്രിപ്റ്റോ കറൻസിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച ഗൂഗിൾ ടെക്കിയുടെ വാർത്തയാണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചതിലൂടെ 22-കാരനായ ഗൂഗിൾ ടെക്കിക്ക് 65 ലക്ഷം രൂപയാണ് നഷ്ടമായത്. ഗൂഗിളിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ഓറഞ്ച് കൗണ്ടിയിലെ എഥാൻ എൻഗുൺലി എന്ന യുവാവിനാണ് ഇത്രയും വലിയ തുക നഷ്ടപ്പെട്ടത്. റിട്ടയർമെന്റ്, ബ്രോക്കറേജ് അക്കൗണ്ടുകളിലും ഇയാൾ ഒരു കോടിയിലധികം രൂപ മുടക്കിയിരുന്നു. പ്രധാനമായും തുക കടം വാങ്ങിയാണ് ഇയാൾ ക്രിപ്റ്റോ കറൻസി വാങ്ങിയത്.
2021 നവംബറിനും 2022 ജൂണിനും ഇടയിലാണ് ക്രിപ്റ്റോയിൽ നിന്ന് 65 ലക്ഷം രൂപ നഷ്ടപ്പെട്ടതെങ്കിലും, ഇതിനെക്കുറിച്ച് അടുത്തിടെയാണ് എഥാൻ വെളിപ്പെടുത്തിയത്. ബിറ്റ്കോയിൻ, എഥേറിയം തുടങ്ങിയ ക്രിപ്റ്റോ കറൻസികളിൽ 33 ലക്ഷം രൂപ വരെ നിക്ഷേപിച്ചിരുന്നു. ഇതിന് പുറമേ, ഷിബ ഇനു, ഡോഗ് കോയിൻ, ആൾട്ടോ കോയിൻ തുടങ്ങിയ പുതിയ ക്രിപ്റ്റോ കറൻസികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. വിപണി സാഹചര്യം പ്രതികൂലമായതോടെയാണ് ഭീമമായ നഷ്ടം യുവാവിന് നേരിടേണ്ടി വന്നത്. 2021-ന്റെ അവസാനത്തോടെ, ക്രിപ്റ്റോ മാർക്കറ്റ് പ്രതിസന്ധിയിലാകുകയും, ബിറ്റ്കോയിന്റെ വില 70 ശതമാനത്തിലധികം ഇടിയുകയുമായിരുന്നു. പണം നഷ്ടമായെങ്കിലും, ഓഹരി വിപണിയെ സുരക്ഷിത സമ്പാദ്യ മാർഗ്ഗമായാണ് എഥാൻ കണക്കാക്കുന്നത്. കൗമാര പ്രായത്തിന് മുൻപ് തന്നെ, മാതാപിതാക്കളുടെ സഹായത്തോടെ എഥാൻ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിച്ചിരുന്നു.
Also Read: പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ
Post Your Comments