ഇന്ന് യാത്രകൾക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ഉപഭോക്താക്കൾ നിരന്തരം ഉപയോഗിക്കുന്ന ഇത്തരം സേവനങ്ങൾക്ക് പിന്നിൽ നിരവധി വ്യാജന്മാരും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകൾക്ക് സമാനമായ രീതിയിൽ വ്യാജന്മാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കെഎസ്ആർടിസിയുടെ മുന്നറിയിപ്പ്. നിലവിൽ, ടിക്കറ്റ് ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് http://onlineksrtcswift.com മാത്രമാണ്. ടിക്കറ്റ് ബുക്കിംഗിനായി കെഎസ്ആർടിസിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റ് വെബ്സൈറ്റുകളെല്ലാം വ്യാജവും, വഞ്ചനാപരവുമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
വ്യാജന്മാരെ തിരിച്ചറിയുന്നതിനായി വെബ്സൈറ്റിന്റെ URL കൃത്യമായി പരിശോധിച്ചുറപ്പിക്കേണ്ടത് അനിവാര്യമാണ്. വെബ്സൈറ്റിന്റെ അഡ്രസ് ബാറിൽ https-ന്റെ സാന്നിധ്യം ഉണ്ടോയെന്നും ഉറപ്പുവരുത്തണം. സാധാരണയായി വ്യാജ വെബ്സൈറ്റുകളുടെ URL ആരംഭിക്കുന്നത് http എന്ന് മാത്രമായിരിക്കും. അവസാനം s എന്ന അക്ഷരം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, ആ വെബ്സൈറ്റ് സുരക്ഷിതമായിരിക്കുകയില്ല. അതിനാൽ, ഇക്കാര്യം നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞ തുകയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന വാഗ്ദാനങ്ങളിൽ വീഴാതിരിക്കാനും പ്രത്യേകം ശ്രദ്ധ നൽകണം. എല്ലാ ബുക്കിംഗിനും മേൽപ്പറഞ്ഞ കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രമാണ് ഉപയോഗിക്കേണ്ടത്.
Post Your Comments