കോഴിക്കോട്: ബുധനാഴ്ച ലഭിച്ച 61 നിപ പരിശോധന ഫലങ്ങളും നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 980 പേരാണ്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 436 പേരാണുള്ളത്. കോൾ സെന്ററിൽ ബുധനാഴ്ച 45 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,238 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടുവെന്ന് കളക്ടർ വ്യക്തമാക്കി.
രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 63 എണ്ണം ഒഴിവുണ്ട്. നാല് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 മുറികളും അഞ്ച് ഐസിയുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.
ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 1,003 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 53,708 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയതെന്നും കളക്ടർ പറഞ്ഞു.
Post Your Comments