തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ റെയ്ഡ് കഴിഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആണ് അവസാനിച്ചത്.
തൃശ്ശൂര്‍ സഹകരണ ബാങ്കിലെ പരിശോധന 17 മണിക്കൂറിലധികം സമയമെടുത്ത് ആണ് നടത്തിയത്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റും കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനെ വിളിച്ചുവരുത്തി, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി റെയ്ഡിന് ശേഷം കണ്ണൻ പ്രതികരിച്ചു.
ഇഡി ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങൾ തേടുകയാണ് ചെയ്യുന്നതെന്ന് കണ്ണൻ പറഞ്ഞു. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു.
സതീശനെ ഒരാളുമായും പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. സതീശനെ കഴിഞ്ഞ 30 കൊല്ലമായി അറിയാമെന്നും കാണാറും സംസാരിക്കാറുമെല്ലാമുണ്ടെന്നും പറഞ്ഞ അദ്ദേഹം സതീശന്റെ ഗുണവും ദോഷവുമൊന്നും അന്വേഷിച്ചിട്ടില്ലെന്നും ലോഹ്യം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി. ഒരു കൂട്ടുകച്ചവടവും സതീശനുമായില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments