തിരുവനന്തപുരം: സൈബർ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കുന്ന തരത്തിൽ പോലീസിനെ ആധുനികവത്ക്കരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓൺലൈൻ ആപ്പിൽ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളുടെ വീട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ട് പിഞ്ചോമനകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ആ ദമ്പതികൾക്ക് തോന്നണമെങ്കിൽ അവർ അനുഭവിച്ച മാനസിക പീഡനം എത്രത്തോളം വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആത്മഹത്യ ചെയ്ത യുവാവിന്റെ അമ്മയുടെ സങ്കടം ആർക്കും സഹിക്കാനാകില്ല. ഒരമ്മയ്ക്കും ഇനി ഈ ഗതിയുണ്ടാകരുതെന്നാണ് കുടുംബത്തിലെ നാല് പേരെ നഷ്ടപ്പെട്ട ആ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞത്. കടമകുടിയിലെ കുടുംബത്തിനുണ്ടായ ദുരന്തം സർക്കാരും പോലീസും ഗൗരവത്തിലെടുക്കണം. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആപ്പുകൾ വഴി വായ്പ നൽകിയ ശേഷം നടത്തുന്ന ബ്ലാക്‌മെയിലുകളെ കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കണം. സൈബർ ലോകത്തെ തട്ടിപ്പുകൾ ഫലപ്രദമായി തടയാനോ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനോ പോലീസിന് സാധിക്കുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.
Read Also: നടപ്പു സാമ്പത്തിക വർഷം കോടികളുടെ വിറ്റുവരവ് ലക്ഷ്യമിട്ട് മിൽമ, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments