ജിദ്ദ: സൗദിയില്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരുടെ വധശിക്ഷ നടപ്പാക്കി. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റ് ലെഫ്റ്റനന്റ് കേണല്‍ മാജിദ് ബിന്‍ മൂസ അവാദ് അല്‍ബലവി, ചീഫ് സര്‍ജന്റ് യൂസുഫ് ബിന്‍ റിദാ ഹസന്‍ അല്‍അസൂനി എന്നിവരെയാണ് വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കിയത്. നിരവധി വലിയ സൈനിക കുറ്റകൃത്യങ്ങള്‍, രാജ്യദ്രോഹ കുറ്റം, രാജ്യത്തിന്റെ താല്‍പര്യങ്ങളും സൈനിക സേവനത്തിന്റെ ബഹുമാനവും കാത്തുസൂക്ഷിക്കാതിരിക്കുക, കൂടാതെ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങളും ഇവര്‍ ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു. 2017 സെപ്റ്റംബറിലാണ് ഇരുവരും രാജ്യദ്രോഹ കുറ്റത്തിന് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇരുവരും ആരോപിക്കപ്പെട്ട കുറ്റം സമ്മതിച്ചതായും നിയമത്തിനും തെളിവുകള്‍ക്കും അനുസൃതമായി ഇവര്‍ക്കെതിരെ കോടതി വധശിക്ഷ വിധിച്ചതായും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പിന്നീട് കോടതിവിധി നടപ്പാക്കാന്‍ രാജകീയ ഉത്തരവിറങ്ങി. ത്വാഇഫില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
Post Your Comments