കോഴിക്കോട്: നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.
നിപ ബാധിച്ച് ഓഗസ്റ്റ് 30ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം മരുതോങ്കര കള്ളാട് മേഖല സന്ദർശിച്ച് പരിശോധന നടത്തി. നിപ മരണവും രോഗവും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വവ്വാൽ സർവേ ടീം അംഗമായ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂനിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വെള്ളിയാഴ്ച സ്ഥലത്തെത്തിയത്.
Post Your Comments