തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ എംപി. തൊഴുത്ത് മാറ്റി കെട്ടിയാൽ മച്ചിപ്പശു പ്രസവിക്കില്ലെന്നായിരുന്നു പരിഹാസം. മുഖം മിനുക്കാനാണ് മന്ത്രിസഭാ പുനഃസംഘടന എന്ന് പറയുന്നുണ്ടെങ്കിലും, മുഖം കൂടുതൽ വികൃതമാകുന്ന ലക്ഷണമാണ് കാണുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
‘മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ഇടത് സര്‍ക്കാരിന്‍റെ മുഖം കൂടുതല്‍ വികൃതമാക്കും. പല കേസിലും പ്രതികളായവരാണ് ഇപ്പോൾ മന്ത്രിസഭയിലുള്ളത്, ഗണേഷ് കുമാര്‍ കൂടി വന്നാൽ ആ കൂട്ടത്തിൽ ഒരാൾ കൂടിയാകും.
ചിലർ പുറത്തുപോകുന്നു, ചിലർ വരുന്നു എല്ലാം ഊഹാപോഹങ്ങളാണ്. ഞങ്ങൾക്ക് ഇതിൽ ഒരു താത്പര്യവുമില്ല. വീണ്ടും സ്പീക്കറെ മാറ്റുമെങ്കിൽ ഇത് മൂന്നാമത്തെ സ്പീക്കറെ ആകും തെരഞ്ഞെടുക്കുക. മന്ത്രിസഭ പോലെയല്ല, എംഎൽഎമാർ വോട്ട് ചെയ്തിട്ടാണ് സ്പീക്കറെ തെരഞ്ഞെടുക്കേണ്ടത്. സ്പീക്കർ എന്നത് നിഷ്പക്ഷമായ ഒരു പദവിയാണ്, അതിനെ രാഷ്ട്രീയമായി മാറ്റുന്നത് ശരിയല്ല എന്ന് വിഎസ് അച്യുതാന്ദൻ പറഞ്ഞിട്ടുണ്ട്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്’- കെ മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് മന്ത്രിസഭ. അതിനെ രണ്ടര വർഷമായി വിഭജിക്കുന്നത് ശരിയല്ലെന്ന് വി മുരളീധരനും കുറ്റപ്പെടുത്തി. ചക്കരക്കുടത്തിൽ കയ്യിടുന്നത് പോലെയാണ് രണ്ടര കൊല്ലം വച്ചു മാറുന്നത്. അഴിമതി പണം വീതം വയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കാര്യക്ഷമതയുടെ പേരിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെങ്കിൽ മാറേണ്ടത് മുഖ്യമന്ത്രിയാണെന്നും വി മുരളീധരൻ പറഞ്ഞു.
Post Your Comments