KeralaLatest NewsNews

വവ്വാലുകളെ ഭയപ്പെടേണ്ടതില്ല: വേണ്ടത് ജാഗ്രതയെന്ന് കളക്ടർ

കോഴിക്കോട്: വവ്വാലുകളെ ഭയപ്പെടേണ്ടതില്ലെന്നും വേണ്ടത് ജാഗ്രതയാണെന്നും കോഴിക്കോട് ജില്ലാ കളക്ടർ. ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ കാരണക്കാർ വവ്വാലുകളാണെന്ന നിലയിൽ അവയ്ക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് അവയെ തുരത്താൻ കല്ലെറിയുക, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക (പടക്കം പോലുള്ളവ ഉപയോഗിച്ച്), അവയുടെ വാസ സ്ഥലങ്ങളിൽ തീയിടുക, അവ അധിവസിക്കുന്ന മരങ്ങൾ മുറിക്കുക എന്നിവ ചെയ്ത് ദയവായി വവ്വാലുകളെ ഭീതിയിലാഴ്ത്തരുതെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

Read Also: ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടോ: ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കി പോലീസ്

നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/കടവാവലുകൾ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദ്ദം മൂലം ശരീരത്തിൽ ഉള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും.

വവ്വാലുകൾ കടിച്ചതോ അവയുടെ വിസർജ്ജ്യം കലർന്നതോ ആയ പഴങ്ങൾ ഭക്ഷിക്കുകയോ വളർത്തുമൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തു മൃഗങ്ങളെ മേയാൻ അനുവദിക്കാതിരിക്കുക. വീട്ടുവളപ്പിലെ പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളിൽ വവ്വാലോ മറ്റുജീവികളോ കടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ മുൻകരുതലുകളാണ് ഇപ്പോൾ സ്വീകരിക്കേണ്ടതെന്ന് കളക്ടർ വ്യക്തമാക്കി,

നമ്മുടെ ട്രോപ്പിക്കൽ ആവാസവ്യസ്ഥക്ക് കൃത്യമായ സംഭാവനകൾ നൽകുന്ന സസ്തനിയാണ് വവ്വാലുകൾ, കീടനിയന്ത്രണത്തിനും, സസ്യങ്ങളുടെ പരാഗണത്തിനും വിത്തുവിതരണത്തിലും ഒക്കെ വവ്വാലുകൾ നിർണ്ണായകമാണ്. ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നമ്മൾ ഏവരും ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് അഭ്യർത്ഥിക്കുന്നു. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേർന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാൻ നാം ശീലിച്ചു തുടങ്ങണം. ഇത്തരം അവസരങ്ങൾ നമ്മുടെ പ്രകൃതിയോടുള്ള സമീപനത്തിന്റെ പുനപരിശോധനയ്ക്കുള്ള അവസരം കൂടിയാകണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Read Also: ‘ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ?’: പേരുമാറ്റ വിവാദങ്ങളിൽ പ്രതികരിച്ച് അരവിന്ദ് കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button