തൃശൂർ: സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടിആര്‍ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന് തൃശൂര്‍ എസിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. രക്ത പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് എസ്ഐയ്ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.
കഴിഞ്ഞ ജൂണ്‍ മുപ്പതിനായിരുന്നു സംഭവം. വീട്ടില്‍ നിന്ന് സാധനങ്ങൾ വാങ്ങാനിറങ്ങിയ ആമോദിനെ നെടുപുഴ സിഐ ടിജി ദിലീപ് പിടികൂടുകയായിരുന്നു.
തൊട്ടടുത്ത മരക്കമ്പനിയിൽ നിന്ന് കണ്ടെത്തിയ പാതി ഒഴിഞ്ഞ മദ്യക്കുപ്പി ആമോദിന്റേതാണെന്നും വാദിച്ചു. പൊതു സ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തു. പിന്നാലെ ആമോദിനെ സസ്പന്റ് ചെയ്തു. കേസ് കള്ളക്കേസെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിട്ടും സിഐയ്ക്കെതിരെ നടപടിയുണ്ടായില്ല. സംഭവം വിവാദമായതിന് പിന്നാലെയാണ് കേസ് പിന്‍വലിച്ച് തടിയൂരാന്‍ സിറ്റി പൊലീസ് ശ്രമിക്കുന്നത്. ആമോദിനെ ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. സിഐയ്ക്കെതിരെ നടപടിവേണമെന്ന ആമോദിന്റെ കുടുംബത്തിന്റെ പരാതിയും പരിഗണിച്ചിട്ടില്ല.
Post Your Comments