തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദര സൂചകമായി വേദിയിൽ എഴുന്നേറ്റ് നിന്ന നടൻ ഭീമൻ രഘുവിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം. എന്നാൽ, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തോട് അനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഭീമൻ രഘു എഴുന്നേറ്റ് നിന്നത്.
തനിക്ക് മുഖ്യമന്ത്രിയോട് വലിയ ബഹുമാനമാണെന്നും, അച്ഛനെ ഓർമ്മ വന്നുവെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്നു. ഇതിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗമാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്ന് കേട്ടത്. പ്രസംഗിക്കാൻ മുഖ്യമന്ത്രി വേദിയിലേക്ക് കയറിയതും വേദിയിൽ ഇരുന്ന നടനും എഴുന്നേറ്റ് നിന്നു. 15 മിനിറ്റോളം മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടു നിന്നു. ഈ നേരമത്രയും ഭീമൻ രഘുവും എഴുന്നേറ്റ് കൈകെട്ടി നിന്നു.
പ്രസംഗം അവസാനിച്ച ശേഷമായിരുന്നു ഭീമൻ രഘു ഇരുന്നത്. മുഖ്യമന്ത്രിയെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് താനെന്നായിരുന്നു എഴുന്നേറ്റ് നിന്നതിനെക്കുറിച്ച് ആരാഞ്ഞ മാദ്ധ്യമങ്ങളോട് ഭീമൻ രഘു പറഞ്ഞത്. അദ്ദേഹത്തിന്റെ ഏത് പരിപാടിയ്ക്ക് പോയാലും അത് ഫ്രണ്ട് സീറ്റിലാണെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും എഴുന്നേറ്റ് നിൽക്കും. നല്ലൊരു അച്ഛനും, നല്ലൊരു മുഖ്യമന്ത്രിയും, നല്ലൊരു കുടുംബനാഥനുമൊക്കെയാണ് അദ്ദേഹം. പെട്ടെന്ന് തനിക്ക് അച്ഛനെയും ജീവിച്ചു വന്ന കാലവും ഓർമ്മ വന്നു. വ്യക്തിപരമായി മുഖ്യമന്ത്രിയെ ഒരുപാട് ഇഷ്ടമാണെന്നും ഭീമൻ രഘു പ്രതികരിച്ചു.
Post Your Comments