കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക പ്രധാനാധ്യാപകർക്ക് എന്ന് നൽകാനാകുമെന്നത് സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി വ്യക്തമാക്കും. ക്യാബിനറ്റ് യോഗത്തിലെടുത്ത തീരുമാനങ്ങളടക്കമാകും സർക്കാർ വിശദീകരിക്കുക.
വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാൻ കാരണമെന്നാണ് സർക്കാർ അറിയിച്ചത്.
കേരളത്തിനായി തുക അനുവദിച്ചെന്നും സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും ആണ് കേന്ദ്രം പറയുന്നത്. സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലും കുറ്റപ്പെടുത്തുന്നു.
2021-22 വർഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡൽ അക്കൗണ്ടിലേക്ക് കൈമാറണം. എന്നാൽ, സർക്കാർ ഇത് ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
Post Your Comments