കൊല്ലം: കെ.ബി.ഗണേഷ്കുമാർ തന്നോട് അകൽച്ച കാണിച്ചിരുന്നതായി ഉമ്മൻ ചാണ്ടി കോടതിയിൽ നൽകിയ മൊഴി പുറത്തുവന്നു. ഇതുവരെ ഗണേഷ് കുമാർ പറഞ്ഞിരുന്നത് ഉമ്മൻചാണ്ടിയും താനുമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഉമ്മൻ ചാണ്ടി നൽകിയ മൊഴി ആണ് ഇപ്പോൾ പുറത്ത് വന്നത്.
ഉമ്മൻ ചാണ്ടി നൽകിയ മൊഴിയുടെ പൂർണ്ണരൂപം ഇങ്ങനെ,
‘18.05.2011 ൽ ഞാൻ മുഖ്യമന്ത്രിയായ മന്ത്രിസഭ ചാർജെടുത്തു. ആ മന്ത്രിസഭയിലെ ഒരംഗമായി കെ.ബി.ഗണേഷ്കുമാറും ഉണ്ടായിരുന്നു. അദ്ദേഹത്തിനു വനം– പരിസ്ഥിതി വകുപ്പിന്റെ ചുമതലയായിരുന്നു. കുടുംബപരമായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനെത്തുടർന്നു പ്രതിപക്ഷം അദ്ദേഹം രാജിവയ്ക്കണമെന്നു ശക്തമായി സമ്മർദം ചെലുത്തി. അദ്ദേഹം രാജിവച്ചു. ഈ പ്രശ്നം ഒത്തുതീർപ്പിലായതിനെത്തുടർന്ന് അദ്ദേഹം മന്ത്രിസഭയിൽ തിരിച്ചു വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
പല കാരണങ്ങൾ കൊണ്ടും അതു സാധിക്കാതെ പോയി. അന്നു മുതൽ എന്നോട് ഒരു അകൽച്ച ഉണ്ടായിരുന്നു. സോളർ പാനലുകളും വിൻഡ് മിൽസും സ്ഥാപിക്കാമെന്നു പറഞ്ഞു അനവധി പേരിൽനിന്നു (പരാതിക്കാരിയും) ബിജു രാധാകൃഷ്ണനും പണം തട്ടിയെടുത്തതായി പരാതി കിട്ടി. പല ജില്ലകളിൽ നിന്നുള്ള പരാതിയായതിനാൽ ഒരു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ വച്ച് ഇവ അന്വേഷിക്കാൻ നിയമിച്ചു. അവർ അന്വേഷിച്ച്, അവരുടെ പേരിൽ ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്തു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു ഈ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു.
ഈ തട്ടിപ്പുകേസിൽ പ്രതിയായ (പരാതിക്കാരി) പത്തനംതിട്ട ജില്ലാ ജയിലിൽ കിടക്കുന്ന അവസരത്തിൽ 19.07.2013 ൽ എഴുതിയ കത്തെന്നു പറഞ്ഞ് 06.06.2016 ൽ കമ്മിഷൻ മുൻപാകെ ഒരു കത്ത് ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് എന്നെക്കുറിച്ചും മറ്റു ചില പൊതുപ്രവർത്തകരുടെ പേരിലും കമ്മിഷൻ ചില പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ഞാൻ ഹൈക്കോടതിയിൽ കേസ് കൊടുത്തു. അതിന്റെ വിധി 15.05.2018 ൽ വരികയുണ്ടായി. അതിൻപ്രകാരം കമ്മിഷൻ എനിക്കും മറ്റു പൊതുപ്രവർത്തകർക്കും എതിരെയുള്ള പരാമർശങ്ങൾ പൂർണമായും ഒഴിവാക്കി’
Post Your Comments