രാജ്യത്തെ തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഡിജിറ്റൽ സംവിധാനത്തിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പുതിയ പ്ലാറ്റ്ഫോമിനാണ് രൂപം നൽകിയിരിക്കുന്നത്. നൈപുണ്യ സംരംഭങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും, സംരംഭകത്വ പിന്തുണ നൽകുന്നതിനും ‘സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം’ എന്ന സംവിധാനമാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തുടനീളമുള്ള 42,623 കേന്ദ്രങ്ങളിൽ നിന്നുള്ള 264-ലധികം നൈപുണ്യ കോഴ്സുകൾ പ്ലാറ്റ്ഫോമിന് കീഴിൽ ലഭ്യമാകും.
ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ മുഖാന്തരം സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾക്ക് പുറമേ, മറ്റു പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാകും. തൊഴിൽ കണ്ടെത്തുന്നതിനും, അപ്പന്റീസ്ഷിപ്പിനും, സംരംഭകത്വത്തിനുമുളള അവസരങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഡിജിറ്റൽ സാങ്കേതികവിദ്യയിലും, വ്യവസായ നൈപുണ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തരമൊരു പ്ലാറ്റ്ഫോമിന് രൂപം നൽകിയിരിക്കുന്നത്. ഇതുവഴി വൈദഗ്ധ്യമുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Post Your Comments