തിരുവനന്തപുരം: ശിശുസൗഹാർദ്ദപരമായ സമീപനം, അന്തരീക്ഷം, അടിസ്ഥാനസൗകര്യങ്ങൾ, നടപടിക്രമങ്ങൾ, നിർവ്വഹണം എന്നിവ നടപ്പിൽ വരുത്തിയിട്ടുള്ള പോലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകൾ അറിവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും ചെയ്യുന്നു.
Read Also: ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തം: ഉദയനിധി സ്റ്റാലിൻ
കേരളത്തിലെ 110 പോലീസ് സ്റ്റേഷനുകൾ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളായി പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. UNICEF ന്റെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച റസിഡൻഷ്യൽ ശിൽപശാലയിലൂടെ ഈ പോലീസ് സ്റ്റേഷനുകളിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഈ സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.
നമ്മുടെ കുട്ടികൾ സ്‌നേഹവും കരുതലും നിറഞ്ഞ അന്തരീക്ഷത്തിൽ വളരുന്നു എന്ന് ഉറപ്പുവരുത്തുന്നുണ്ട് ഈ പോലീസ് സ്റ്റേഷനുകൾ. കുട്ടികൾക്കെതിരെയുള്ള അതിക്രമവും അവരുടെ ദുരുപയോഗവും കൃത്യമായും സൂക്ഷ്മമായും അന്വേഷിക്കപ്പെടുന്നു എന്നും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നു എന്നും ഉറപ്പുവരുത്തും.
കുട്ടികളുമായി സംവദിക്കുന്നതിനായി പ്രത്യേക ഇടം/മുറി, കുട്ടികൾക്കായി ഇരിപ്പിടം, ശുചിമുറി, ശുദ്ധമായ കുടിവെള്ളം എന്നിവ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ പ്രത്യേകതയാണ്.
സ്റ്റേഷൻ സന്ദർശിക്കുന്ന കുട്ടികൾക്കും മറ്റ് പൗരന്മാർക്കുമായി പുസ്തകങ്ങൾ, ദിനപ്പത്രങ്ങൾ, വാരികകൾ, മാഗസീനുകൾ എന്നിവ ഉൾക്കൊള്ളുന്ന ചെറു ലൈബ്രറിയും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളും ഇവിടെ ഉണ്ടാകും.
ചുരുക്കത്തിൽ, കുട്ടികളുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നവും പരിഹരിക്കുന്നതിൽ ബദ്ധശ്രദ്ധരായ പോലീസ് ഉദ്യോഗസ്ഥരാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ പ്രത്യേകത.
Post Your Comments