
കൊച്ചി: കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു.
ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അതേസമയം, യുവതിയുടെയും ഭർത്താവിന്റെയും രണ്ട് കുട്ടികളുടെയും സംസ്കാരം പൂർത്തിയായി.
ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃദഹേങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments