സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവരെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. അവരുടെ നാവ് പിഴുതെടുക്കുമെന്നും അവരുടെ കണ്ണുകൾ പറിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാർമറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ നമ്മുടെ പൂർവികർ ജീവൻ പണയം വച്ച് സംരക്ഷിച്ചു പോന്ന സനാതന ധർമ്മം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.
നമ്മുടെ പൂർവികർ ജീവൻ പണയം വച്ച് സംരക്ഷിച്ചു പോന്ന സനാതന ധർമ്മം അവസാനിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നു. ഞങ്ങൾ ഇനി അവരെ സഹിക്കില്ല. അങ്ങനെ ചെയ്താൽ ഞങ്ങൾ അവരുടെ നാവ് പിഴുതെടുക്കും. അതിനെ പുച്ഛത്തോടെ നോക്കുന്നവരുടെ കണ്ണുകളും ഞങ്ങൾ പറിച്ചെടുക്കും’, മന്ത്രി റാലിയിൽ പറഞ്ഞു. സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്ന ആർക്കും രാജ്യത്ത് തങ്ങളുടെ രാഷ്ട്രീയ ശക്തിയും സ്ഥാനവും സ്ഥാപിക്കാൻ കഴിയില്ലെന്നും ഗജേന്ദ്ര സിംഗ് പറഞ്ഞു.
അതേസമയം, ഡിഎംകെ നേതാവ് ഉദയനിധിയുടെയും നടൻ പ്രകാശ് രാജിന്റെയും സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങളോട് ബി.ജെ.പി എംപി സാധ്വി പ്രജ്ഞയും പ്രതികരിച്ചു. സനാതന ധർമ്മം അവസാനിപ്പിക്കാൻ ആർക്കും ശേഷിയില്ലെന്നും ഡിഎംകെ നേതാവ് ഉദയനിധിയെയും നടൻ പ്രകാശ് രാജിനെയും പോലുള്ളവർ രാജ്യത്തിനെതിരായി സംസാരിക്കുന്ന വീരന്മാരല്ല, വില്ലന്മാരാണെന്നും അവർ പറഞ്ഞു. സനാതന ധർമ്മത്തെ കുഷ്ഠം, മലേറിയ, ഡെങ്കിപ്പനി, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളെന്ന് വിളിച്ചവർ ഈ രോഗങ്ങളുടെ ദുരിതം അനുഭവിക്കണമെന്നും അവർ ട്വീറ്റ് ചെയ്തു.
Post Your Comments