ന്യൂഡൽഹി: ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിന് 10 ശതമാനം അധിക ജിഎസ്ടി നിർദേശിക്കാൻ ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡീസൽ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് 10 ശതമാനം അധിക ജിഎസ്ടി നിർദേശിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സത്യമല്ലെന്നും, സർക്കാരിന്റെ സജീവ പരിഗണനയിൽ നിലവിൽ അത്തരമൊരു നിർദ്ദേശമില്ലെന്ന് വ്യക്തമാക്കുന്നുവെന്നും ഗഡ്കരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽ കുറിച്ചു.
‘2070-ഓടെ കാർബൺ നെറ്റ് സീറോ കൈവരിക്കാനും ഡീസൽ പോലുള്ള അപകടകരമായ ഇന്ധനങ്ങൾ മൂലമുണ്ടാകുന്ന വായു മലിനീകരണ തോത് കുറയ്ക്കാനും വാഹന വിൽപ്പനയിലെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും അനുസരിച്ച്, ശുദ്ധവും ഹരിതവുമായ ബദൽ ഇന്ധനങ്ങൾ സജീവമായി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇറക്കുമതിക്ക് പകരമുള്ളതും ചെലവ് കുറഞ്ഞതും തദ്ദേശീയവും മലിനീകരണ രഹിതവുമായിരിക്കണം അത്. 2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉപ്ദാനത്തിന്റെ 52 ശതമാനമായിരുന്നു 2014 ഡീസല്‍ കാറുകളെങ്കില്‍ ഇപ്പോഴത് 18 ശതമാനത്തിലെത്തിയിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയിൽ ഡീസൽ കാറുകൾ വാങ്ങുന്നതിന് 10 ശതമാനം അധിക ചരക്ക് സേവന നികുതി (ജിഎസ്ടി) നിർദ്ദേശിക്കാൻ മന്ത്രി തയ്യാറാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ വിൽക്കുന്നത് തുടർന്നാൽ ലെവി ഇനിയും വർധിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഗഡ്കരി വാഹന നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകി എന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
Post Your Comments