തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എം പിയുമായ പികെ ബിജുവിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും.
കേസിലെ മുഖ്യപ്രതി സതീഷ്കുമാറും പികെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിൽ ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സതീഷ്കുമാറിന്, ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കരയുടെ ആരോപണം ബിജു നിഷേധിച്ചിട്ടുണ്ട്.
അതേസമയം, കേസില്‍ മുൻ മന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഈമാസം 19ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയേക്കും.
കേസുമായി ബന്ധപ്പെട്ട് എസി മൊയ്തീന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ ചോദ്യങ്ങൾക്ക് മുന്നിലിരുന്നത് 10 മണിക്കൂറോളമാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി ഇഡി ഓഫീസിൽ ഹാജരായ മൊയ്തീനെ ചോദ്യംചെയ്യലുകൾക്കുശേഷം രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്.
കരുവന്നൂർ കേസിൽ മൊയ്തീനെതിരേയുള്ള മൊഴികളും സ്വത്തുസമ്പാദ്യവും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. മൊയ്തീൻ ഹാജരാക്കിയ സ്വത്തുരേഖകൾ പരിശോധിച്ചശേഷമായിരിക്കും വീണ്ടും വിളിപ്പിക്കുക. മൊയ്തീനൊപ്പം തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ് കാട, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിആർ അരവിന്ദാക്ഷൻ, കേസിൽ അറസ്റ്റിലായ പി സതീഷ്‌കുമാറിന്റെ വലംകൈയായിരുന്ന കെഎ ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽകുമാർ, തൃശ്ശൂരിലെ വ്യാപാരിയായ രാജേഷ് എന്നിവരെയും ചോദ്യംചെയ്തു.
Post Your Comments