![](/wp-content/uploads/2023/09/mathew-kuzhalnadan-1.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച മാത്യു കുഴല്‍നാടന്‍, താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്നും തീവെട്ടിക്കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
‘കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത്? കഴിഞ്ഞതവണ സഭയില്‍ സംസാരിക്കുമ്പോള്‍ തന്റെ മകളെ പറഞ്ഞാല്‍ താന്‍ കിടുങ്ങിപ്പോകുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. യഥാര്‍ഥത്തില്‍ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ആരോപിച്ച കാര്യം അക്ഷരാര്‍ഥത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ ഞാന്‍ തെളിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായില്ല’, മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ മകളും അവരുടെ പേരിലുള്ള കമ്പനിയും ചേര്‍ന്ന് ആലപ്പുഴയിലെ തീരദേശം കൊള്ളയടിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കമ്പനിയുടെ പക്കല്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്ന കണ്ടെത്തലിന് മറുപടി നല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു. സിപിഎം എന്ന പാർട്ടിക്ക് ഒരു ചരിത്രവും പാരമ്പര്യവുമില്ലേ? കേവലം ഒരു സ്വകാര്യ കമ്പനിക്ക്, ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് നിങ്ങൾ കാവൽ നിൽക്കുകയാണ്,’ മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
കൊടുത്ത സേവനത്തിന് നല്‍കിയ പണമാണെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് കര്‍ത്ത തന്നെ പറയുന്നു. ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാൽ, അതിന്റെ അർഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിലാണുള്ളതെന്നും മാത്യു കുഴൽ നാടൻ കൂട്ടിച്ചേർത്തു.
Post Your Comments