ബംഗളൂരു: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ- എൽ വൺ വിജയകരമായ യാത്ര തുടരുന്നു. ഞായറാഴ്ച പുലർച്ച 2.30ന് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയർത്തി. ഭൂമിയിൽ നിന്ന് കുറഞ്ഞത് 296 കിലോമീറ്ററും, കൂടിയത് 71,767 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലൂടെയാണ് ആദിത്യ സഞ്ചരിക്കുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ആദിത്യ നീങ്ങുന്നത്. മൊറീഷ്യസിലെയും പോർട്ട് ബ്ലെയറിലെയും ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ഭ്രമണപഥ മാറ്റ പ്രക്രിയയിൽ പങ്കാളികളായി.
രണ്ടു തവണ കൂടി ഭ്രമണപഥമുയർത്തിയശേഷം ഭൂമിക്കുചുറ്റുമുള്ള കറക്കം അവസാനിപ്പിച്ച് ആദിത്യ ഭൂമിക്കും സൂര്യനുമിടയിലെ ലഗ്റേഞ്ച് പോയന്റായ എൽ വൺ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. സെപ്റ്റംബർ 15നാണ് നാലാം ഭ്രമണപഥമുയർത്തൽ നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ, സെപ്തംബർ 5 ന് ഭൂമിയിൽ നിന്ന് കുറഞ്ഞത് 282 കിലോമീറ്ററും , കൂടിയത് 40225 കിലോമീറ്റർ ഭ്രമണപഥത്തിലെത്തി രണ്ടാം ഭൗമ തന്ത്രം വിജയകരമായി നടത്തിയിരുന്നു.
Post Your Comments