
ആലപ്പുഴ: ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥിയെ കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്. കർണാടക കോലാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളജിലെ ബിപിടി രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിലേഷ്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റൽ മുറിയിലേക്ക് പോയ അഖിലേഷ് ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അഖിലേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു കോലാർ ഗുൽപേട്ട് പൊലീസ് പറഞ്ഞു. അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം.
നാട്ടിലെത്താൻ വെള്ളിയാഴ്ച്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തിരുന്നു. മധ്യപ്രദേശിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എംസി മനുവിന്റെയും വിജെ ശ്രീകലയുടെയും മകനാണ് അഖിലേഷ്. സഹോദരൻ: എം അമലേഷ്. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments