
പാലക്കാട്: കെ.ബി ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് എക്കാലത്തെയും ക്രൂരവും നിന്ദ്യവുമായ വേട്ടായാടലാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സോളാർ പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചന വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.
ഉമ്മൻ ചാണ്ടിയെ ജീവിതാവസാനം വരെ വേട്ടയാടാൻ ഉപയോഗിച്ചത് കള്ളകഥകളാണെന്നും ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് രാഷ്ട്രീയ ദുരന്തമാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷ് കുമാർ യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ യൂത്ത് കോൺഗ്രസ് അത് അനുവദിക്കില്ല. കോൺഗ്രസുമായി ബന്ധപ്പെട്ട ഒരു സംവിധാനങ്ങളും ഗണേഷ് കുമാറിനെ സ്വീകരിക്കരുതെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഢാലോചനയും ദുരന്തവുമാണ് ഈ വ്യാജ ആരോപണങ്ങൾ എന്നും ഷാഫി പറമ്പിൽ പറഞ്ഞു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലും ഗണേഷ് കുമാറിനെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം, ഉമ്മൻ ചാണ്ടിയെ കുടുക്കാൻ നടത്തിയ ഗൂഡാലോചനയിൽ ഗണേഷ് കുമാറിനെ കൂടാതെ ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവരും ഉൾപ്പെട്ടതായാണ് സി.ബി.ഐ കണ്ടെത്തൽ. ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ സി.ബി.ഐ വിശദീകരിക്കുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ക്ലിഫ്ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നു.
Post Your Comments