ന്യൂഡൽഹി: യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ഞായറാഴ്ച രാവിലെ ഡൽഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിൽ സന്ദർശിച്ചു. ജി 20 ഉച്ചകോടിയിൽ നിന്ന് ക്ഷേത്ര സന്ദർശനത്തിനായി ഇടവേളയെടുത്തായിരുന്നു ഋഷി സുനകിന്റെ ക്ഷേത്ര ദർശനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് ഋഷി സുനക് ഇന്ത്യയിലെത്തുന്നത്.
ഋഷി സുനക്, ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയപ്പോൾ തന്നെ ഇവിടുത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ ഹിന്ദു വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച സുനക്, ഇന്ത്യയിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ സമയം കണ്ടെത്തുമെന്നും ഇന്നലെ പറഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും സന്ദർശനത്തിന്റെ ഭാഗമായി അക്ഷര്‍ധാം ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു.
‘ഞാനൊരു ഹിന്ദുവാണ്. ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണ് വളർന്നത്. രക്ഷാബന്ധൻ ദിനവും ഞങ്ങൾ ആഘോഷിച്ചു. എന്നാൽ ജന്മാഷ്ടമി ആഘോഷിക്കാൻ സമയം കിട്ടിയില്ല. പക്ഷേ, ഇത്തവണ ഒരു ക്ഷേത്രം സന്ദർശിച്ചാൽ ആ കുറവ് നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ഇന്നലെ അദ്ദേഹം പറഞ്ഞത്. താനും ഭാര്യ അക്ഷതയും പതിവായി സന്ദർശിച്ചിരുന്ന ഡൽഹി റെസ്റ്റോറന്റുകൾ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഋഷി സുനക് പറഞ്ഞു.
Post Your Comments