ന്യൂഡല്‍ഹി: ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യന്‍ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധങ്ങളിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. ഭാര്യ അക്ഷതയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്രം സന്ദർശിച്ചത്. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ഇരുവരും പ്രത്യേക പൂജകളും നിർവഹിച്ച ശേഷമാണ് ക്ഷേത്രം വിട്ടത്.
‘എന്റെ ഇന്ത്യന്‍ വേരുകളിലും ഇന്ത്യയിലെ ബന്ധങ്ങളിലും ഏറെ അഭിമാനമുണ്ട്. സ്വാഭിമാനമുള്ള ഒരു ഹിന്ദു എന്ന നിലയില്‍ ഇന്ത്യയുമായും ഇവിടുത്തെ ജനങ്ങളുമായും എന്നും ആത്മബന്ധമുണ്ടാകും’, ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം ഋഷി സുനക് വ്യക്തമാക്കിയതായി ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ എക്‌സില്‍ കുറിച്ചു.
‘ഞാനൊരു ഹിന്ദുവാണ്. ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണ് വളർന്നത്. രക്ഷാബന്ധൻ ദിനവും ഞങ്ങൾ ആഘോഷിച്ചു. എന്നാൽ ജന്മാഷ്ടമി ആഘോഷിക്കാൻ സമയം കിട്ടിയില്ല. പക്ഷേ, ഇത്തവണ ഒരു ക്ഷേത്രം സന്ദർശിച്ചാൽ ആ കുറവ് നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത്.
Post Your Comments