‘നാട് മാറിയാലും വേര് മറക്കാത്ത ഏതൊരാളും സനാതന ധർമ്മത്തിന്റെ അഭിമാനങ്ങൾ തന്നെയാണ്’: അഞ്‍ജു പാർവതി എഴുതുന്നു

ന്യൂഡൽഹി: യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ഞായറാഴ്ച രാവിലെ ഡൽഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് ഋഷി സുനക് ഇന്ത്യയിലെത്തുന്നത്. സുനകിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വരുന്നത്. നാട് മാറിയാലും വേരറ്റു പോകാത്ത ചിലത് ഉണ്ടെന്നു ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുകയാണ് അദ്ദേഹമെന്ന് അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.

സിരകളിൽ പടർന്ന സംസ്കൃതിയും പൈതൃകവും പിൻതുടരാൻ ഒരു ബ്രിട്ടീഷ് പൗരത്വവും പദവിയും അദ്ദേഹത്തിന് തടസ്സമായിട്ടില്ലെന്നും അതാണ്‌ സനാതനമെന്നും അഞ്‍ജു പാർവതി എഴുതി. ദേശത്തിന്റെ അതിരുകൾ കൊണ്ടോ രാഷ്ട്രീയം കൊണ്ടോ മതം കൊണ്ടോ ഒന്നും തച്ചുടയ്ക്കാൻ കഴിയാത്ത അനശ്വരമായ ധർമ്മം എന്നാണ് പോസ്റ്റിൽ പറയുന്നത്.

അഞ്‍ജു പാർവതി എഴുതിയതിങ്ങനെ;

അക്ഷർധാം എന്ന ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രത്തിനുള്ളിൽ ഇങ്ങനെ ഭഗവാനെ കുമ്പിട്ടു നമസ്കരിക്കുന്ന ആൾ ജനാധിപത്യത്തിൻ്റെ ഈറ്റില്ലമായ ബ്രിട്ടനെ നയിക്കുന്ന ലോക നേതാവാണ്. നാട് മാറിയാലും വേരറ്റു പോകാത്ത ചിലത് ഉണ്ടെന്നു ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുകയാണ് അദ്ദേഹം. 1930കളിൽ തന്നെ ബ്രിട്ടിഷ് ഇന്ത്യയിൽ നിന്നും കെനിയയിലും ടാൻസാനിയയിലും കുടിയേറി പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഋഷിയുടെ പൂർവ്വികർ. ഏഷ്യയിൽ നിന്നും ആഫ്രിക്കയിലും പിന്നീട് യൂറോപ്പിലും കുടിയേറിയിട്ടും അവർ തങ്ങളുടെ പൈതൃകത്തെ കൈവിട്ടില്ല എന്നതിൻ്റെ തെളിവാണ് ഋഷി എന്ന പേരിൽ തുടങ്ങി ബോറിസ് ജോൺസൻ മന്ത്രിസഭയിൽ ധനമന്ത്രിയായപ്പോൾ ഭഗവത്ഗീതയിൽ തൊട്ട സത്യപ്രതിജ്ഞ വരെ.!

സിരകളിൽ പടർന്ന സംസ്കൃതിയും പൈതൃകവും പിൻതുടരാൻ ഒരു ബ്രിട്ടീഷ് പൗരത്വവും പദവിയും അദ്ദേഹത്തിന് തടസ്സമായിട്ടില്ല. അതാണ്‌ സനാതനം. ദേശത്തിന്റെ അതിരുകൾ കൊണ്ടോ രാഷ്ട്രീയം കൊണ്ടോ മതം കൊണ്ടോ ഒന്നും തച്ചുടയ്ക്കാൻ കഴിയാത്ത അനശ്വരമായ ധർമ്മം!!ഭാരതദേശത്തിന്റെ സ്വന്തം ധർമ്മം.! ഋഷി സുനക്! അയാൾ അടിമുടി ബ്രിട്ടീഷ് പൗരനാണ് . അയാളുടെ ചിന്തകളും പ്രവൃത്തിയുമെല്ലാം ബ്രിട്ടൻ്റെ ഉന്നമനത്തിനാണ്. അല്ലാതെ ഇന്ത്യ എന്ന രാജ്യത്തിനു അനുകൂലമായി അയാൾ നില്ക്കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. കാരണം അദ്ദേഹം അവിടുത്തെ പൗരനും അവിടുത്തെ നായകനുമാണ്. എങ്കിലും അദ്ദേഹത്തെ ഓർത്ത് അഭിമാനമുള്ളത് സിരകളിൽ പടർന്ന സംസ്കൃതിയും പൈതൃകവും സ്വന്തം വേരുകൾ നല്കിയ പാരമ്പര്യവും ഒന്നിന്റെ മുന്നിലും അദ്ദേഹം അടിയറവ് വയ്ക്കാത്തതിലാണ്.

അടിമുടി ബ്രിട്ടീഷ് പൗരനായിരിക്കുമ്പോഴും ഭഗവത് ഗീതയെയും സനാതനധർമ്മത്തെയും ചേർത്തുപ്പിടിക്കുന്നൊരാൾ ആംഗ്ലിക്കൻ രാജ്യത്തിൻ്റെ തലവനായി ലോകത്തിനു മുന്നിൽ തല ഉയർത്തിനില്ക്കുമ്പോൾ അത് ഈ ധർമ്മത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും അഭിമാനം തന്നെയാണ്. നാട് മാറിയാലും വേര് മറക്കാത്ത ഏതൊരാളും ആർഷ ഭാരതസംസ്കൃതിയുടെ, സനാതന ധർമ്മത്തിന്റെ അഭിമാനങ്ങൾ തന്നെയാണ്.

Share
Leave a Comment