ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കിയാൽ അത് അംഗീകരിക്കുമെന്ന് യു.എൻ വക്താവ്. ഇന്ത്യ, പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ വിവരം തങ്ങളെ അറിയിക്കുമെന്നും, അതിനനുസരിച്ച് തങ്ങൾ യു.എന്നിൽ (രേഖകൾ) പേര് മാറ്റുമെന്നുമാണ് യു.എൻ സെക്രട്ടറി ജനറലിന്റെ മുഖ്യ വക്താവ് സ്റ്റീഫൻ ദുജാറിക് വ്യക്തമാക്കുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ രേഖകളിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്നാണ് അദ്ദേഹം പറയുന്നത്.
ഈ വാരാന്ത്യത്തിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശ നേതാക്കൾക്ക് പ്രസിഡന്റ് ദ്രൗപതി മുർമു നൽകിയ അത്താഴ ക്ഷണത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്നെഴുതിയത്ര ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. പേര് മാറ്റം സംബന്ധിച്ച് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് യു.എന്നിന്റെ പ്രസ്താവന.
പേരുമാറ്റം സംഭവിച്ചാൽ ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. രാഷ്ട്രീയമോ സാമൂഹികമോ ആയ മറ്റ് കാരണങ്ങളാൽ പേരുകൾ മാറ്റിയ രാജ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. കഴിഞ്ഞ വർഷം തുർക്കി അതിന്റെ പേര് തുർക്കിയെ എന്നാക്കിയതിന്റെ ഉദാഹരണവും യുഎൻ ഉന്നത ഉദ്യോഗസ്ഥൻ ഉദ്ധരിച്ചു. പല രാജ്യങ്ങളിൽ ഇത് നിരവധി തവണ സംഭവിച്ചിട്ടുണ്ടെന്ന് ചരിത്രം തെളിയിക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ‘ഭാരത്’ പ്രശ്‌നത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ തർക്കം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സഹമന്ത്രിമാരോട് പറഞ്ഞു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന G20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നുണ്ട്. ജോ ബൈഡൻ അടക്കമുള്ളവർ ന്യൂഡൽഹിയിൽ ഇതിനോടകം എത്തിയിട്ടുണ്ട്.
Post Your Comments