തിരുവനന്തപുരം: മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബർ 11ന് രാവിലെ 10 മുതൽ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതിദേവി അധ്യക്ഷത വഹിക്കും. നിർഭയ സംസ്ഥാന കോ-ഓർഡിനേറ്റർ ശ്രീലാമേനോൻ മുഖ്യപ്രഭാഷണം നടത്തും.
Read Also: ‘വെൽക്കം ടു ഭാരത്’ – ജോ ബൈഡനായി മണലില്‍ തീര്‍ത്ത മനോഹര ശില്‍പം
ദിനേശ് പണിക്കർ, വയലാർ മാധവൻകുട്ടി, ബി ഉണ്ണികൃഷ്ണൻ, ഉണ്ണിചെറിയാൻ എന്നിവർ വിഷയാവതരണം നടത്തും. വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വക്കേറ്റ് പി കുഞ്ഞായിഷ, വി ആർ മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ സംസാരിക്കും.
വ്യത്യസ്ത തൊഴിൽ മേഖലകളിൽ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനൊപ്പം പ്രശ്‌ന പരിഹാരത്തിനുള്ള നിയമ അവബോധം നൽകുകയും പബ്ലിക് ഹിയറിംഗിൽ ഉരുത്തിരിയുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ശിപാർശകൾ നൽകുകയും ചെയ്യുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലയാളം ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വനിതകൾ പബ്ലിക് ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായം അറിയിക്കണമെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും ലിംഗനീതിക്കുമായി നിരവധി നൂതന പദ്ധതികളാണ് കേരള വനിത കമ്മിഷൻ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നത്. കഴിഞ്ഞ കാലഘട്ടത്തേക്കാൾ പുതിയ തൊഴിൽ മേഖലകളിലേക്ക് സ്ത്രീകൾ ധാരാളമായി കടന്നു വരുന്നുണ്ട്. സങ്കീർണമായ പ്രശ്‌നങ്ങളെയാണ് അവർക്ക് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നത്. നിലവിലുള്ള സ്ത്രീ സംരക്ഷണ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താത്ത സാഹചര്യവുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഓരോ മേഖലകളിലുമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അവരിൽ നിന്ന് നേരിട്ടു മനസിലാക്കുന്നതിനായി ഇതുൾപ്പെടെ 11 പബ്ലിക് ഹിയറിംഗുകളാണ് വനിത കമ്മീഷൻ സംഘടിപ്പിക്കുന്നത്.
Read Also: മോന്‍സണ്‍ മാവുങ്കലിന് വഴി വിട്ട സഹായം, ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
Post Your Comments