ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരത്തോടെ ജോ ബൈഡൻ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. ലോക് കല്യാൺ മാർഗിൽ വൈകിട്ട് 7.30ന് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും.
ശേഷം ഇരു നോതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തും.തുടർന്ന് നടക്കുന്ന അത്താഴ വിരുന്നിലും ജോ ബൈഡൻ പങ്കെടുക്കും. ഉച്ചയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇന്ത്യയിലെത്തും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് തന്നെ രാജ്യത്ത് എത്തിച്ചേരും.
രാജ്യത്തെത്തുന്ന ലോക നേതാക്കളെ വിവിധ കേന്ദ്രമന്ത്രിമാർ ചേർന്നാണ് സ്വീകരിക്കുന്നത്. നാളെയും മറ്റന്നാളുമായിട്ടാണ് ജി20 ഉച്ചകോടി നടക്കുന്നത്. അതേസമയം, ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് അധികൃതർ അറിയിച്ചു.
ഭാരത് മണ്ഡപത്തിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മാക്രോൺ ശനിയാഴ്ച രാജ്യ തലസ്ഥാനത്ത് എത്തും.
രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശന വേളയിൽ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായും മാക്രോൺ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഞായറാഴ്ച ഉച്ചയോടെ മാക്രോൺ ബംഗ്ലാദേശിലേക്ക് പുറപ്പെടുമെന്നാണ് വിവരം.
Post Your Comments