മഞ്ചേരി: മൂന്നംഗ കുടുംബത്തെ നടുറോഡിൽ തടഞ്ഞു നിർത്തി മർദിക്കുകയും സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്തുവെന്ന കേസിൽ യുവാവിന് ആറു വർഷം തടവും 16500 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പട്ടികജാതി-വർഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. താനൂർ പരിയാപുരം മോയിക്കൽ വീട്ടിൽ കല്ലായി അസീസിനെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
താനൂർ ഓട്ടുപ്പുറത്ത് സാസനംകണ്ടത്തിൽ സുബ്രഹ്മണ്യൻ(65), ഭാര്യ വനജ(63), മകൻ സുനീഷ്(38) എന്നിവർക്കാണ് മർദനമേറ്റത്. 2021 ജൂലൈ 21ന് പരിയാപുരം റോഡിലാണ് കേസിന്നാസ്പദമായ സംഭവം. സുഹൃത്തിനെ സംബന്ധിച്ച് മോശമായി സംസാരിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.
Read Also : ‘തോറ്റത് പുതുപ്പള്ളിയാണ് എന്ന സ്വരാജമന്ത്രം ഉരുവിടാൻ നിൽക്കരുത്’: സി.പി.എമ്മിനോട് ശ്രീജിത്ത് പണിക്കർ
ചാവി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിന് മൂന്നു വർഷം തടവ് 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക തടവ്, വാഹനം അടിച്ചു തകർത്തതിന് രണ്ടു വർഷം തടവ്, 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ തടവ്, മർദിച്ചതിന് ഒരു വർഷം തടവ്, 1000 രുപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ്, തടഞ്ഞു വെച്ചതിന് ഒരു മാസം തടവ് 500 രുപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.
തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. തലാപ്പിൽ അബ്ദുൽ സത്താർ ഹാജരായി.
Post Your Comments