Latest NewsKerala

ചാത്തൻസേവ നടത്തി വശീകരണം, ഒൻപതാം ക്ലാസുകാരി പീഡനത്തിന് കേസ് കൊടുക്കാൻ മടിച്ചു, നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്‌സോ കേസ് ആണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ മന്ത്രവാദകേന്ദ്രത്തില്‍വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

കൂത്തുപറമ്പില്‍ ഏറെനാളായി മന്ത്രവാദകേന്ദ്രം നടത്തുന്നയാളാണ് ജയേഷ്. പഠനത്തില്‍ മികവുണ്ടാകാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കേന്ദ്രത്തില്‍ കൊണ്ടുവന്നത്. ഏറെനാള്‍ പെണ്‍കുട്ടി ഇവിടെയായിരുന്നു. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയാല്‍ മന്ത്രവാദകേന്ദ്രത്തിലേക്ക് വരാനും ഇയാള്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

കേന്ദ്രത്തില്‍ സ്ഥിര സന്ദര്‍ശകയായിരുന്ന വിദ്യാര്‍ഥിനിയെ മഠത്തില്‍ വച്ച് നിരവധി തവണ ഇയാള്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപര്‍ണികയില്‍ ജയേഷ് കോറോത്താ(44) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്‍സേവ നടത്തി ആളുകളെ വശീകരിക്കുന്നതായി സിദ്ധനെതിരെ നിരവധി തവണ ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ ഈ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തന്നെ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്‍ പ്രകാരം പൊലീസ് ഇയാളുടെ കേന്ദ്രത്തില്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയും താക്കീത് നല്‍കി വിട്ടയയ്ക്കുകയുമാണ് ഉണ്ടായത്.ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് സിദ്ധനെ ചോദ്യം ചെയ്യാനായി അന്ന് പൊലീസ് പിടികൂടിയത്. രേഖാമൂലം പരാതി നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതിനാലാണ് നടപടി വൈകിയത്. പിന്നീട് കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം ഉള്‍പ്പെടെ പൊലീസിനോട് തുറന്ന് പറഞ്ഞ് രേഖാ മൂലം പരാതി നല്‍കാന്‍ തയ്യാറായത്.

പഠനത്തില്‍ മികവ് നേടാനും നൃത്തത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് അനുഗ്രഹം വാങ്ങാനും പെണ്‍കുട്ടികള്‍ മന്ത്രവാദകേന്ദ്രത്തില്‍ വരാറുണ്ടെന്നാണ് വിവരം. ജയേഷിന്റെ മന്ത്രവാദകേന്ദ്രത്തിനെതിരേ നാട്ടുകാരില്‍നിന്ന് നേരത്തെയും പരാതികളുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button