Latest NewsKerala

അപകടം പറ്റിയെന്ന് അറിഞ്ഞ മകന് ആദരാഞ്ജലിനേരുന്ന ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി, ആരോടുംപറയാതെ ഷീജയും മരണത്തെ വരിച്ചു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്. ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു. രാത്രിയിൽ കൺചിമ്മാതിരുന്ന ഷീജയുടെ മുന്നിലേക്ക് ഇടിത്തീപോലെയാണ് മകന്റെ മരണവിവരം എത്തുന്നത്.

മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്നെഴുതിയഫേസ്‌ബുക്ക് പോസ്റ്റ് ആ അമ്മയുടെ കണ്ണിൽപ്പെട്ടത് പാതിരാവ് കഴിഞ്ഞപ്പോൾ. ഒന്നുറക്കെ നിലവിളിക്കാൻപോലും കഴിയാതെ സ്തബ്ധയായ അമ്മ ആരെയും ഉണർത്താതെ മരണത്തിന്റെ കിണറാഴത്തിലേക്കു പോയി. മകന്റെ മരണവിവരമറിഞ്ഞ് ഷീജാബീഗം കിണറ്റിൽച്ചാടി ജീവനൊടുക്കിയത് ഒരു നാടിനാകെ നടുങ്ങലായി. ഇളയ മകൾ സിയാനയെപ്പോലും ഉണർത്താതെ രാത്രി ഒന്നരയോടെ ഇവർ തൊട്ടടുത്തുള്ള വസ്തുവിലെ കിണറ്റിലേക്കു ചാടുകയായിരുന്നു.

ഷീജാബീഗത്തിന്റെ മാതാവ്‌ ആരിഫാബീവിയും സഹോദരൻ ഷാജഹാനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസം. ഉറങ്ങാൻ കിടന്ന ഷീജയെ കാണാതായതു ശ്രദ്ധയിൽപ്പെട്ട ഷാജഹാനും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറിന്റെ ഇരുമ്പുമറ മാറ്റിയതായി കണ്ടത്. ഷീജ കിണറ്റിൽ ചാടിയതാണെന്നറിഞ്ഞതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി ഷീജയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മകന്റെ മരണവിവരമറിഞ്ഞ് വയനാട്ടിലേക്കു യാത്രചെയ്യുകയായിരുന്ന സുലൈമാനെ ഉലച്ചുകൊണ്ട് നേരം പുലരുംമുൻപുതന്നെ ഭാര്യയുടെ മരണവിവരവുമെത്തി.അധ്യാപകദിനമായിരുന്ന ചൊവ്വാഴ്ച സ്കൂളിലെ ആദരിക്കൽ ചടങ്ങുകൾക്കിടയിൽനിന്നാണ് സുലൈമാൻ, ഷീജാബീഗത്തെ കൂട്ടിക്കൊണ്ടുപോയത്. ഈ പരിപാടിക്കുവേണ്ടി ഷീജാബീഗവും സഹാധ്യാപകരും ഒരാഴ്ചക്കാലത്തെ മുന്നൊരുക്കത്തിലായിരുന്നു. മകന്റെ മരണവിവരം സുലൈമാൻ മകളെയും അറിയിച്ചിരുന്നില്ല.

20 വർഷമായി ഷീജാബീഗം ഈ വിദ്യാലയത്തിലെ അധ്യാപികയാണ്. ജോലി കിട്ടി ഇവിടെയെത്തിയ ശേഷമാണ് സ്കൂളിനു സമീപത്തായി സ്ഥലംവാങ്ങി വീടുെവച്ചത്. പള്ളിക്കൂടത്തിലെ എല്ലാ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ചയും ഷീജാബീഗം കുട്ടികളേയും കൊണ്ട് കരനെൽക്കൃഷി ചെയ്യുന്ന തങ്ങളുടെ കൃഷിയിടത്തിലെത്തിയിരുന്നു.

അതേസമയം, സജിൻ മുഹമ്മദിന്റെ അപകടമരണത്തെക്കുറിച്ചു വ്യക്തതയുണ്ടായിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ രണ്ടു മണിയോടെ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞുള്ള റോഡിലെ രണ്ടു വളവുകൾക്കിടയിലായിരുന്നു അപകടം. സജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ജീപ്പിൽ തട്ടി മറിഞ്ഞതാകാമെന്നാണ് നിഗമനം. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ അപകടകാരണത്തെക്കുറിച്ചു പറയാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button