KeralaLatest NewsIndia

‘യുപി വിദ്യാര്‍ഥിയെ പഠിപ്പിക്കും മുന്‍പ് ഇവിടെയുള്ള കുട്ടികള്‍ക്ക് സുരക്ഷയൊരുക്കൂ’, സർക്കാരിനോട് കെ സുരേന്ദ്രന്‍

കോഴിക്കോട്: ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരിയെ മാതാപിതാക്കളുടെ സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിനു നാണക്കേടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കൊച്ചുകുട്ടികള്‍ക്കുപോലും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ അധ്യാപിക മര്‍ദ്ദിച്ച വിദ്യാര്‍ഥിയെ ഇവിടെ പഠിപ്പിക്കുമെന്നു പറയുന്ന സര്‍ക്കാര്‍, ആദ്യം ഇവിടുത്തെ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പ് പൂര്‍ണപരാജയമാണ്. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം. വീടിനുള്ളില്‍ പോലും നമ്മുടെ പെണ്‍മക്കള്‍ക്കു രക്ഷയില്ലെന്ന അവസ്ഥയാണ്. ആലുവയില്‍ അഞ്ചര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുന്‍പാണ് അടുത്ത ഹൃദയഭേദകരമായ വാര്‍ത്ത വന്നിരിക്കുന്നത്. അതിഥികളെന്നു വിളിച്ച്‌ കൊട്ടിഘോഷിച്ച്‌ അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്കു ക്ഷണിക്കുന്ന സര്‍ക്കാര്‍ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം യുപിയില്‍ അധ്യാപിക മര്‍ദ്ദിച്ച വിദ്യാര്‍ഥിയെ കേരളത്തില്‍ പഠിപ്പിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍, ആദ്യം ഇവിടെയുള്ള കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. അന്യസംസ്ഥാനക്കാര്‍ക്കെതിരെ സംസ്ഥാനത്ത് അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കേരളത്തില്‍ ക്രിമിനലുകളും ലഹരി മാഫിയകളും അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണ്.

യുപി മോഡലില്‍ ശക്തമായ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.കുറ്റവാളികള്‍ക്ക് ഭരണകൂടത്തിന്റെ സഹായങ്ങള്‍ ലഭിക്കുന്നതു കൊണ്ടാണ് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തില്‍ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button