
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 7,547 ഒഴിവുകളാണുള്ളത്. അതില്‍ 2,491 ഒഴിവുകളിലും വനിതകള്‍ക്കാണ് അവസരം. 603 ഒഴിവുകള്‍ വിമുക്ത ഭടന്മാര്‍ക്കാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 നവംബര്‍ 14 മുതല്‍ ഡിസംബര്‍ അഞ്ചുവരെയുള്ള തിയതികളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നതാണ്. കേരളത്തില്‍ നാല് പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30-നകം സമര്‍പ്പിക്കണം. ശമ്പളം: 21,700-69,100 രൂപ.
Read Also: ലാവ അഗ്നി 2 5ജി ഹാൻഡ്സെറ്റ് സ്വന്തമാക്കാം, ഓഫർ വിലയിൽ ലിസ്റ്റ് ചെയ്ത് ആമസോൺ
അംഗീകൃത ബോര്‍ഡില്‍നിന്ന് നേടിയ പ്ലസ്ടു വിജയമാണ് വിദ്യാഭ്യാസ യോഗ്യത. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍, ബാന്‍ഡ്‌സ്മാന്‍, ബ്യൂഗ്ളര്‍, മൗണ്ടഡ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെസ്പാച്ച് റൈഡര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരുമാണെങ്കില്‍ 11-ാംക്ലാസ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ലേണിങ് ലൈസന്‍സ് പരിഗണിക്കില്ല.
01.07.2023-ന് 18-25 വയസ്സാണ് പ്രായ പരിധി. കൂടാതെ, ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ദേശീയതലത്തിലോ രാജ്യത്തെ പ്രതിനിധാനം ചെയ്ത് അന്തര്‍ദേശീയതലത്തിലോ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ) ഇളവ് ലഭിക്കും. കായിക ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം ശ്രദ്ധിക്കണം. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് 29 വയസ്സ് വരെ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടറധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എന്‍.സി.സിയുടെ എ, ബി, സി സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്കും രാഷ്ട്രീയരക്ഷാ യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി/പി.ജി. ഡിപ്ലോമ നേടിയവര്‍ക്കും തിരഞ്ഞെടുപ്പില്‍ മുന്‍ഗണന ഉണ്ടായിരിക്കും.
പരീക്ഷ: ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. 100 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് 100 ചോദ്യമുണ്ടാവും. ജനറല്‍നോളജ്/കറന്റ് അഫയേഴ്‌സ്, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, കംപ്യൂട്ടര്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഒന്നരമണിക്കൂറാണ് ആകെ പരീക്ഷാസമയം. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. ഇംഗ്ലീഷ്/ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം.
കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. ഉദ്യോഗാര്‍ത്ഥിക്ക് ഒരേ റീജ്യണിലെ മൂന്ന് പരീക്ഷാകേന്ദ്രം മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്താം. പിന്നീട് മാറ്റാന്‍ കഴിയില്ല.
ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്. വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. വിശദവിവരങ്ങള്‍ https://ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷിക്കണം. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30 (രാത്രി 11 മണി). ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ ഒക്ടോബര്‍ 3, 4 തീയതികളില്‍ ഫീസോടുകൂടി തിരുത്താന്‍ സാധിക്കും.
Post Your Comments