ന്യൂഡൽഹി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരത് എന്നാക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി. പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പേര് മാറ്റത്തിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ശക്തമായ എതിർപ്പറിയിച്ച് രംഗത്ത് വരുന്നതിനിടെയാണ് രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും ഭാരത് എന്ന് ഉപയോഗിച്ചിരിക്കുന്നത്.
ബുധൻ, വ്യാഴം തീയതികളിൽ ജക്കാർത്തയിലേക്ക് പ്രധാനമന്ത്രി മോദി നടത്തുന്ന ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്താറ്. 20ാമത് ആസിയാൻ – ഇന്ത്യ സന്ദർശനത്തിനായി ഇന്തൊനീഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ആസിയാൻ രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷപദവി ഇന്തൊനീഷ്യയ്ക്കാണ്. പ്രസിഡന്റ് ഓഫ് ഭാരത് എന്ന പേരിൽ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നിരുന്നു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവൻമാരെ ഈ മാസം ഒൻപതിന് അത്താഴ വിരുന്നിന് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പേരിൽ രാഷ്ട്രപതി ഭവനിൽ നിന്ന് നൽകിയ കത്തുകളിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്.
പിന്നാലെയാണ് പ്രധാനമന്ത്രി ഇന്നും നാളെയും നടത്തുന്ന ഇന്തോനേഷ്യൻ പര്യടനത്തിന്റെ ഔദ്യോഗിക കുറിപ്പിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയത്. പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന പേരിൽ പ്രധാനമന്ത്രിയുടെ വിദേശ പര്യടന രേഖയും പുറത്തുവന്നതോടെ പേരുമാറ്റം അഭ്യൂഹം ശക്തമായി. ഈ മാസം 18 മുതൽ അഞ്ചു ദിവസത്തേക്ക് പാർലമെന്റ് സമ്മേളനം വിളിച്ചത് ഇതിനു വേണ്ടിയാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ രണ്ടു പേരുകളും പരാമർശിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നാമം ഇന്ത്യയാണ്. ഇതിൽ ഭേദഗതി വരുത്തി ഭാരതമെന്ന ഒറ്റപ്പേരിലേക്ക് മാറാനാണ് നീക്കം.
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് നൽകുന്ന സംക്ഷിപ്ത രേഖയുടെ ആമുഖത്തിലും ‘ഭാരതം, ജനാധിപത്യത്തിന്റെ മാതാവ്’’ എന്ന തലക്കെട്ടുണ്ട്. ജി -20 ഉച്ചകോടി വേദിയുടെ പേര് ഭാരത് മണ്ഡപമെന്നാണ്. കോൺഗ്രസ് അടക്കം രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപീകരിച്ച മുന്നണിക്ക് ഇന്ത്യ എന്ന പേരു നൽകിയതോടെ, അടിയന്തരമായി പേരു മാറ്റം നടപ്പിലാക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചുവെന്നാണ് സൂചന. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കാലത്തെ അവശേഷിപ്പുകൾ തുടച്ചുനീക്കുമെന്നത് നരേന്ദ്രമോദി സർക്കാരിന്റെ പ്രഖ്യാപിത നയവുമാണ്.
Post Your Comments